ഇ.പി. ജയരാജൻ വധശ്രമ കേസ് : പാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി
Friday, December 8, 2023 6:39 AM IST
തലശേരി: ഇ.പി. ജയരാജൻ വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നൽകിയ ഹർജി തലശേരി അഡീഷണൽ സബ് കോടതി തള്ളി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സ്വകാര്യ അന്യായത്തിൽ 15 ദിവസത്തിനകം കോർട്ട് ഫീ അടയ്ക്കാനും ഉത്തരവായി.
ഇ.പി. ജയരാജൻ വധശ്രമക്കേസിൽ അന്യായമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതായി ആരോപിച്ച് അരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2008 ജൂലൈ 17നാണ് കെ. സുധാകരൻ ഹർജി നല്കിയത്. കോർട്ട് ഫീയായ 3, 43,300 രൂപ അടയ്ക്കാൻ നിർവാഹമില്ലെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള സത്യവാങ്മൂലവും ഹർജിക്കൊപ്പം നല്കിയിരുന്നു.
കോർട്ട് ഫീ അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്നു കാണിച്ച് കളക്ടർ നല്കിയ സത്യവാങ്മൂലം പരിഗണിച്ചാണ് പാപ്പരായി പരിഗണിക്കണമെന്ന കെ. സുധാകരന്റെ ആവശ്യം കോടതി തള്ളിയത്. ലോക്സഭാംഗമെന്ന നിലയിലുള്ള വരുമാനമടക്കമുള്ള രേഖകളും എംഎൽഎ പെൻഷനും സ്വത്തുവകകളുടെ വിശദവിവരങ്ങളും അഡീഷണൽ ഗവ. പ്ലീഡർ സി. പ്രകാശൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പത്ത്വീതം മുണ്ടും ഷർട്ടും അഞ്ച് പാന്റും ഒരു സ്വർണമോതിരവും ഒരു മാലയും വാച്ചും രണ്ട് തോർത്തും ഒരു ജോഡി ചെരുപ്പും അംബാസിഡർ കാറുമടക്കം 2,58,800 രൂപയുടെ ആസ്തിമാത്രമാണു തനിക്കുളളതെന്നു കാണിച്ചാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന് സുധാകരൻ അപേക്ഷിച്ചത്.
സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്തതിനെതിരേയാണ് കെ. സുധാകരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നല്കിയത്. സംസ്ഥാന സർക്കാർ, ഡിഐജി അരുൺകുമാർ സിൻഹ സീനിയർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൺകുമാർ സിൻഹ ജൂനിയർ, തലശേരി സിഐ വത്സൻ, എഎസ്ഐ ഭാസ്കരൻ, ഡിജിപി എസ്.പി. ചാലി എന്നിവരെ എതിർകക്ഷികളാക്കിയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
കോർട്ട്ഫീ അടക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കളക്ടർക്കു വേണ്ടി കോടതിയിൽ സത്യവാങ്മൂലം നല്കിയിരുന്നു.