വിരമിക്കാനുള്ള ആഗ്രഹം 2019ൽ മാർപാപ്പയെ അറിയിച്ചു: കർദിനാൾ മാർ ആലഞ്ചേരി
Friday, December 8, 2023 6:26 AM IST
കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചിരുന്നെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ച്ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിച്ചതെന്നും സ്ഥാനത്യാഗം പ്രഖ്യാപിച്ചുകൊണ്ട് മാർ ആലഞ്ചേരി പറഞ്ഞു.
വിടവാങ്ങൽ പ്രഖ്യാപനത്തിന്റെ പൂർണരൂപം
ദൈവകൃപയാൽ 2011 മേയ് 29-ാം തീയതി മുതൽ മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ സീറോമലബാർ സഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ച്ബിഷപ്പിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്.
നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ, മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. നമ്മുടെ സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യസ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണു ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനുവേണ്ടി ഞാൻ താത്പര്യത്തോടെ അഭ്യർഥിച്ചുവെങ്കിലും, എന്റെ തീരുമാനം സ്വീകരിക്കുന്നതിനുമുന്പ് പരിശുദ്ധ പിതാവ് സീറോമലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.
പ്രാർഥനാപൂർവകമായ പുനരാലോചനകൾക്കുശേഷം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്നു മാറാൻ അനുവദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 2022 നവംബർ 15ന് എന്റെ രാജി പരിശുദ്ധ പിതാവിനു വീണ്ടും സമർപ്പിച്ചു. എന്റെ അഭ്യർഥനയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും ഒരു വർഷത്തിനുശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്വത്തിൽനിന്നു വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. അതിനാൽ, ഇന്നേദിവസം 2023 ഡിസംബർ ഏഴാം തീയതി പ്രാബല്യത്തിൽ വരുന്നവിധം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനത്തുനിന്നു ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലയളവിൽ ഉണ്ടാകുമല്ലോ.
പൗരസ്ത്യസഭാ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനം ഒഴിവു വരുമ്പോൾ സഭയുടെ കൂരിയ ബിഷപ് ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പുതിയ മേജർ ആർച്ച്ബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ സീറോമലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതാണ്.