സഭയ്ക്ക് ഉജ്വല നേതൃത്വം നല്കിയ ഇടയന്: മാര്‍ പെരുന്തോട്ടം
Friday, December 8, 2023 6:26 AM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ സ്ഥാനത്യാഗം ചങ്ങനാശേരി അതിരൂപത വളരെ വേദനയോടെയാണ് ശ്രവിച്ചതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഒരു വ്യാഴവട്ടക്കാലം സഭയ്ക്ക് ഉജ്വലമായ നേതൃത്വം നല്കിയ ചങ്ങനാശേരി അതിരൂപതയുടെ ഈ ശ്രേഷ്ഠപുത്രനെ മാതൃ അതിരൂപത അഭിമാനത്തോടെ ഓര്മിക്കുന്നുവെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു.
മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഇടയശുശ്രൂഷയുടെ കാലഘട്ടം സീറോമലബാര്‍ സഭയ്ക്ക് വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും അവസരമായിരുന്നു. സീറോമലബാര്‍ സഭ ആഗോളസഭയായി വളര്‍ന്നതും എല്ലാ ഭൂഖണ്ഡങ്ങളിലുംതന്നെ സഭയ്ക്ക് രൂപതകളും മറ്റ് ശുശ്രൂഷാ സംവിധാനങ്ങളും രൂപപ്പെട്ടതും ഈ കാലയളവിലാണ്. സഭയുടെ ചിരകാലാഭിലാഷമായിരുന്ന അഖിലേന്ത്യാ അജപാലനാധികാരം സഭയ്ക്കു സിദ്ധിച്ചതും ഈ വര്‍ഷങ്ങളിലാണ്. സഭയുടെ പാരമ്പര്യവും തനിമയും ഉയര്ത്തിപ്പിടിക്കുക്കുന്നതിലും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ ഏകീകരണം കൊണ്ടുവരുന്നതിലും പിതാവിന്റെ കഠിന പരിശ്രമങ്ങളുണ്ടായി.
സഭയുടെ യാമപ്രാര്ഥനകള് നവീകരിക്കുന്നതിലും ഏകീകരിക്കുന്നതിലും പിതാവ് അതീവ തത്പരനായിരുന്നു. സമുദായവിഷയങ്ങള് പിതാവ് ശ്രദ്ധപുലര്‍ത്തിയ മറ്റൊരു മേഖലയായിരുന്നു. സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പബ്ലിക് അഫയേഴ്സ് കമ്മീഷന് രൂപീകരിക്കുകയും സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തീകരിക്കുകയും ചെയ്തു.
ലളിതമായ ജീവിതശൈലി മുഖമുദ്രയാക്കിയ പിതാവ് ആത്മീയ, സമുദായ, സാമൂഹികരംഗങ്ങളില്‍ ശക്തമായ നേതൃത്വം നല്കി. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായി സ്നേഹബന്ധം പുലര്‍ത്താനും കാര്‍ഷിക വിഷയങ്ങളിലും സാധാരണക്കാരുടെ വിവിധ പ്രശ്നങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താനും പിതാവിനു സാധിച്ചു.
പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മിശിഹായുടെ കരം പിടിച്ച്, പ്രാര്‍ഥനയില്‍ ആഴപ്പെട്ട് സമചിത്തതയോടെ നേതൃത്വം നല്കിയ പിതാവിന്റെ തുടര്‍ന്നുള്ള ജീവിതവും സഭയ്ക്കും സമൂഹത്തിനും മാര്ഗദര്ശകമായിരിക്കുമെന്നും മാര്‍ പെരുന്തോട്ടം പ്രസ്താവിച്ചു.
കർദിനാൾ ദീപികയ്ക്കു മാർഗദർശി: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
തിരുവനന്തപുരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപികയ്ക്ക് എന്നും കരുത്തുറ്റ മാർഗദർശിയായിരുന്നെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്.
ദീപികയുടെ ഉയർച്ചയിലും വളർച്ചയിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ദീപികയ്ക്കു കൈത്താങ്ങായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശ, നിർദേശങ്ങൾ ഞങ്ങൾക്ക് എല്ലായ്പോഴും കരുത്തും ധൈര്യവും നൽകിയെന്നും ഡോ. ഫ്രാൻസീസ് ക്ലീറ്റസ് പറഞ്ഞു.
മാർ ജോർജ് ആലഞ്ചേരി ഇനി മേജർ ആർച്ച്ബിഷപ് എമരിറ്റസ് കർദിനാൾ
സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇനി മേജർ ആർച്ച്ബിഷപ് എമരിറ്റസ് എന്നറിയപ്പെടും. കർദിനാളെന്ന നിലയിൽ പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലുള്ള ദൗത്യം അദ്ദേഹം തുടരും. എക്യൂമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റർ ചർച്ച് കൗൺസിലിന്റെ പ്രസിഡന്റ് എന്നനിലയിലും മാർ ആലഞ്ചേരി ശുശ്രൂഷ ചെയ്യുന്നുണ്ട്.
സമാനതകളില്ലാത്ത ശ്രേഷ്ഠമായ ശുശ്രൂഷകൾ: മാർ ജോസഫ് പാംപ്ലാനി
തലശേരി: സീറോമലബാർ സഭയുടെ തലവനും പിതാവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയ ശുശ്രൂഷകൾ സമാനതകളില്ലാത്തവിധം ശ്രേഷ്ഠമാണെന്ന് സീറോമലബാർ സഭാ സിനഡ് സെക്രട്ടറിയും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സഭയുടെ അഖിലേന്ത്യാ തലത്തിലുള്ള പ്രേഷിതപ്രവർത്തന സ്വാതന്ത്ര്യം, ഭാരതത്തിനു വെളിയിലുള്ള സീറോമലബാർ രൂപതകൾ, ആരാധനാക്രമത്തിന്റെ ഏകീകരണം, സഭയുടെ യാമപ്രാർഥനകളുടെ പ്രസിദ്ധീകരണം തുടങ്ങിയ ഐതിഹാസിക നേട്ടങ്ങൾ സഭയ്ക്കുവേണ്ടി ആർജിക്കാൻ പിതാവ് വിശ്രമരഹിതനായി അധ്വാനിച്ചു.
പ്രതിസന്ധികളിൽ പതറാതെയും ആരോപണങ്ങളിൽ തളരാതെയും ക്രിസ്തുശിഷ്യൻ എപ്രകാരം ജീവിക്കണമെന്നതിന്റെ നേർസാക്ഷ്യമായിരുന്നു അഭിവന്ദ്യ പിതാവിന്റെ അജപാലന വഴികൾ. വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചവർക്കുപോലും കുഞ്ഞാടിന്റെ ശാന്തതയോടെയും മാടപ്രാവിന്റെ നിഷ്കളങ്കതയോടെയും നല്ലതു വരാൻ ആശീർവദിക്കുന്ന പിതാവിന്റെ ഹൃദയം ഈശോയുടെ ഹൃദയത്തിന് അനുരൂപമായിരുന്നു. പിതാവ് നമുക്കു മുന്നിൽ വയ്ക്കുന്ന സുവിശേഷത്തിന്റെ യഥാർഥ സാക്ഷ്യവും ഇതുതന്നെയാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.