പദവിയൊഴിഞ്ഞത് ചാരിതാര്‍ഥ്യത്തോടെ
റെജി ജോസഫ്
Friday, December 8, 2023 6:26 AM IST
സ്വയംഭരണാധികാരമുള്ള പൗരസ്ത്യ കത്തോലിക്കാ സഭയെന്ന നിലയില്‍ സീറോമലബാര്‍ സഭയുടെ മെത്രാന് സിനഡ് ആദ്യമായി നേരിട്ടു തെരഞ്ഞെടുത്ത മേജര്‍ ആര്‍ച്ച്ബിഷപ്പാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ ആന്റണി പടിയറയെയും മാര്‍ വര്‍ക്കി വിതയത്തിലിനെയും മേജര്‍ ആര്‍ച്ച്ബിഷപ്പുമാരായി മാര്‍പാപ്പയാണ് നിയമിച്ചത്. മെത്രാന് നിയമനാധികാരം സീറോമലബാര്‍ സിനഡിനു ലഭിച്ചതിന്റെ തുടര്‍ച്ചയായി പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമത്തിന്റെയും സിനഡല്‍ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഇന്ത്യയിലും വിദേശത്തുമായി 35 രൂപതകളും അര കോടിയോളം വിശ്വാസികളുമുള്ള സീറോ മലബാര്‍ സഭയുടെ ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും സമുന്നതമായ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിക്കാനായ ചാരിതാര്‍ഥ്യത്തോടെയാണ് വിരമിക്കല്‍. വിശ്രമിക്കാന്‍ ഒരു മിനിറ്റുപോലും ബാക്കിയില്ലാത്ത വിധം യാത്രകളും യോഗങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും രചനയുമൊക്കെയായി ഒരു സമര്‍പ്പിതജീവിതം. അതില്‍ ത്യാഗവും സഹനവും ക്ലേശവും ഏറെയുണ്ടായിരുന്നു.
നൂറിലേറെ രാജ്യങ്ങളിലൂടെ, നൂറായിരം വേദികളിലൂടെ ആയിരമായിരം പ്രഭാഷണങ്ങളിലൂടെ അതിലേറെപ്പേരുമായി ആശയവിനിമയത്തിലൂടെ കര്‍മനിരതമായ അജപാലനവഴികള് പിതാവ് പിന്നിട്ടു.
തുരുത്തി സെന്റ് മേരീസ് പള്ളിയുടെ അള്ത്താരബാലനില്നിന്ന് സഭാനായകനിലേക്കുള്ള പ്രയാണത്തിൽ പുരോഹിതന്, പുരോഹിതശ്രേഷ്ഠന്, അധ്യാപകന്, അജപാലകന് തുടങ്ങിയ നിലകളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രവര്‍ത്തനലോകം അഞ്ചു ഭൂഖണ്ഡങ്ങളിലും നിറഞ്ഞുനിന്നു. അറിവിലും ആധ്യാത്മികതയിലും ചിന്തയിലും ഉദ്ബോധനത്തിലും എക്കാലവും ഔന്നിത്യം പുലര്‍ത്തിയ വ്യക്തിപ്രഭാവമാണ് ഇദ്ദേഹത്തില്‍ കാണാനാകുക.
1996 നവംബര്‍ 11ന് തക്കല രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായപ്പോൾ മിഷന് പ്രദേശമായ തക്കലയില്‍ ത്യാഗോജ്വലമായ സേവമാണ് ഇദ്ദേഹം നിര്‍വഹിച്ചത്. കന്യാകുമാരി ജില്ലയും തിരുനല്‍വേലി ജില്ലയിലെ ചെങ്കോട്ട താലൂക്കും ഉള്‍പ്പെട്ട രൂപത. എണ്ണായിരത്തോളം കുടുംബങ്ങളിലായി മുപ്പതിനായിരത്തോളം വിശ്വാസികള്‍. തമിഴ് പഠിച്ച് മാര്‍ ആലഞ്ചേരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഇടവക സന്ദര്‍ശനഭാഗമായി എല്ലാ ഭവനങ്ങളിലേക്കും ചെന്ന് അവരുമായി ഹൃദയ ഐക്യം സ്ഥാപിച്ചു. പള്ളികള്‍, സ്കൂളുകള്‍, സംരംഭങ്ങള്‍ എന്നിവയില്‍ ശക്തമായ അടിത്തറ സമ്മാനിച്ചു. പാസ്റ്ററല്‍ സെന്റർ, മതബോധനകേന്ദ്രം, മൈനര്‍ സെമിനാരി, ഫാമിലി അപ്പൊസ്തലേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ കൊണ്ടുവന്നു. സീറോ മലബാര്‍ കുര്‍ബാനക്രമവും കൂദാശാ പ്രാര്‍ഥനകളും തമിഴിലേക്ക് മൊഴിമാറ്റം നടത്തി.
ഇക്കാലത്ത് സീറോ മലബാര്‍ ബിഷപ്സ് സിനഡ് സെക്രട്ടറി, സഭാ മതബോധന കമ്മീഷന് ചെയര്മാന് പദവികളിലും നിയമിതനായി.പ്രതിസന്ധികള്‍ക്കു നടുവിലും പ്രാര്ഥനാധിഷ്ഠിതമായി വിശ്വാസം മുറുകെപ്പിടിച്ച്, സഹനങ്ങളെ ക്രൂശിതനില്‍ സമര്‍പ്പിച്ച് അനുപമമായ സേവനങ്ങളും സംഭാവനകളും അര്‍പ്പിച്ചശേഷമാണ് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്.