സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ: പ്രതി ഡോ. റുവൈസ് റിമാൻഡിൽ
Friday, December 8, 2023 6:26 AM IST
തിരുവനന്തപുരം: വൻതുക സ്ത്രീധനം ചോദിച്ചതിനെത്തുടർന്ന് പി.ജി. ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ യുവഡോക്ടർ അറസ്റ്റിൽ.
മെഡിക്കൽ പി.ജി. അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായ ഡോ. റുവൈസിനെ ഇന്നലെ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധനനിരോധന നിയമവകുപ്പുമാണ് ചുമത്തിയിട്ടുള്ളത്. ആത്മഹത്യ ചെയ്ത ഡോക്ടറുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റുവൈസിന്റെ കുടുംബാംഗങ്ങളുടെ പങ്കിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡോ. ഷഹനയെ മെഡിക്കൽ കോളജിനു സമീപമുള്ള ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച കത്തിൽ ’എല്ലാവർക്കും വേണ്ടത് പണമാണ്.എല്ലാത്തിലും വലുത് പണമാണ്’ എന്ന കുറിപ്പും കണ്ടെത്തിയിരുന്നു. . ഇതേത്തുടർന്ന് ഷഹ്നയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളജിലെതന്നെ ഡോ. റുവൈസിന് പങ്കുണ്ടെന്ന ഷഹനയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് വ്യാഴാഴ്ച റുവൈസിനെ പോലീസ് പ്രതിചേർത്തിരുന്നു. ഇതോടെ ഒളിവിൽ പോയ റുവൈസ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കവും ആരംഭിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നതായും സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതായും ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്രയും വലിയ തുക ലഭിക്കില്ലെന്നു വന്നതോടെ വിവാഹത്തിൽനിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കളുടെ പരാതി. റുവൈസ് ആണ് വൻതുകയായി സ്ത്രീധനം വേണമെന്ന സമ്മർദം ഉണ്ടാക്കിയതെന്നു ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ് പറയുന്നു. കഴിയുന്നപോലെ സ്ത്രീധനം നല്കാമെന്നു പറഞ്ഞെങ്കിലും അയാൾ അത് അംഗീകരിച്ചില്ലെന്നും ജാസിം പറഞ്ഞു.
കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പി.ജി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇയാൾക്കെതിരേ കേസ് എടുത്തതോടെ ആ സ്ഥാനത്തുനിന്നു നീക്കം ചെയ്തു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ആത്മഹത്യാ ക്കുറിപ്പും ബന്ധുക്കളുടെ പരാതിയും ലഭിച്ചതോടെ ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ളവ കൂടി ചുമത്തി.
ഡോ. റുവൈസിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.ജി. ഡോക്ടർ റുവൈസിനെ മെഡിക്കൽ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും വനിത ശിശുവികസന ഡയറക്ടർക്കും ആരോഗ്യമന്ത്രി നിർദേശം നല്കിയിരുന്നു. ഇതേത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റുവൈസിനെ സസ്പെൻഡ് ചെയ്തത്.