രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
Friday, December 8, 2023 6:26 AM IST
തിരുവനന്തപുരം: ഇനിയുള്ള ഏഴുദിനങ്ങൾ അനന്തപുരി ചലച്ചിത്രാസ്വാദകരുടെ ഹൃദയഭൂമി. 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.
വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. ഹിന്ദി നടൻ നാനാ പടേക്കർ ചടങ്ങിൽ മുഖ്യാതിഥിയാവും. ഇന്നു മുതൽ 15 വരെ 15 തിയറ്ററുകളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടും.
ഉദ്ഘാടന ചിത്രമായി മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിക്കും. ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഒൗദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു. ഉദ്ഘാടന ചടങ്ങിൽ കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം സിനിമകളെ പരിചയപ്പെടുത്തും.
ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, അന്താരാഷ്ട്ര മൽസര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സൗണ്ട ് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സംവിധായകൻ ശ്യാമപ്രസാദ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുണ്, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവയവരുടെ സാനിധ്യം ഉണ്ടാകും.