വൈദ്യുത ലീക്കേജ് തടയാൻ ഇഎൽസിബി സ്ഥാപിക്കണമെന്ന ആവശ്യം ന്യായം: മനുഷ്യാവകാശ കമ്മീഷൻ
Friday, December 8, 2023 6:26 AM IST
കണ്ണൂർ: ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിൽ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇഎൽസിബി സ്ഥാപിക്കണമെന്ന വൈദ്യുതബോർഡിന്റെ ആവശ്യം ന്യായമാണെന്നു മനുഷ്യാവകാശ കമ്മീഷൻ.
ഇഎൽസിബി സ്ഥാപിക്കാത്തത് കാരണം കണക്ഷൻ വിഛേദിച്ചെന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്.
കെഎസ്ഇബി എരത്തിക്കൽ ഡിവിഷൻ അസി. എൻജിനിയർ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിൽ ഇഎൽസിബി സ്ഥാപിച്ച ശേഷം റീ കണക്ഷന് അപേക്ഷ നൽകാവുന്നതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എലത്തൂർ സ്വദേശിനി ബിന്ദു സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ഇഎൽസിബി സ്ഥാപിക്കാത്തതു കാരണം എർത്ത് ലീക്കേജ് വന്ന് അപകട സാധ്യതയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് വൈദ്യുത ബോർഡ് കമ്മീഷനെ അറിയിച്ചു. ഇഎൽസിബി ഇല്ലെങ്കിൽ വൈദ്യുത ബിൽ തുക വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.