ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് : സ്വത്ത് മരവിപ്പിക്കാനുള്ള നിർദേശം പൂഴ്ത്തിയത് റവന്യു മന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര
Friday, December 8, 2023 6:03 AM IST
തൃശൂർ: ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിക്കെതിരേയുള്ള കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് മരവിപ്പിക്കാനുള്ള നിർദേശം പൂഴ്ത്തിയതു റവന്യു മന്ത്രി കെ. രാജന്റെ അറിവോടെയാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര പത്രസമ്മേളനത്തിൽ ആരോപിച്ചു.
“കഴിഞ്ഞ ഒന്നരമാസമായി പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് കണ്ടുകെട്ടുന്നതിനു പകരം സംസ്ഥാന ജിഎസ്ടി വിഭാഗത്തെക്കൊണ്ട് റെയ്ഡ് നടത്തി കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കം ധനകാര്യ, റവന്യു മന്ത്രിമാരുടെ ഒത്താശയോടെയാണ്. പ്രത്യക്ഷത്തിൽ നമുക്ക് ജിഎസ്ടി റെയ്ഡ് പ്രതികൾക്കെതിരായ നീക്കമാണെന്നു തോന്നാം. അത്തരത്തിലുള്ള ഒരു വ്യാഖ്യാനമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും.
കഴിഞ്ഞ നവംബർ 22ന് കമ്പനിയുടെ സ്വത്തുവകകൾ താത്കാലികമായി മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയെങ്കിലും ഉന്നതരാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അട്ടിമറിക്കപ്പെടുകയാണുണ്ടായത്.”
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് നടത്തുമ്പോൾ എങ്ങനെയാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തി പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുന്നത്? രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവുള്ള പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിക്കു കേസുകൾ ഒതുക്കിത്തീർക്കാൻ അവസരം കൊടുക്കുകയാണ് ഉന്നതർ ചെയ്യുന്നത്.
ധനകാര്യമന്ത്രി അറിയാതെ ജിഎസ്ടി വകുപ്പ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കില്ല, റവന്യു മന്ത്രി അറിയാതെ കഴിഞ്ഞ ഒരു മാസമായി പ്രതികളുടെ സ്വത്ത് മരവിപ്പിക്കാനുള്ള സർക്കാർനിർദേശം കളക്ടറേറ്റിൽ പൂഴ്ത്തിവയ്ക്കില്ല.
അതുകൊണ്ട് മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ എന്നിവർക്കെതിരേ സമഗ്ര അന്വേഷണം വേണം. കേരളീയം, നവകേരളസദസ് എന്നിവയിലേക്ക് ഇവർ സ്പോൺസർഷിപ് നടത്തിയെന്ന ആരോപണവും അന്വേഷിക്കണമെന്നും അനിൽ അക്കര പറഞ്ഞു.
പി.എൻ. വൈശാഖ്, സി.സി. ശ്രീകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.