എ പ്ലസ് വിവാദം: വിമർശനം വ്യക്തിപരമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
Friday, December 8, 2023 6:03 AM IST
തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കുവരെ എ പ്ലസ് നല്കുന്നുവെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ.
താൻ നടത്തിയ പരാമർശം വ്യക്തിപരമാണെന്നും ഇത് സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്നുമാണ് ഡിജിഇ എസ്. ഷാനവാസിന്റെ വിശദീകരണം. ഡിജിഇ തന്റെ വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെയും വിദ്യാഭ്യാസ മന്ത്രിയെയും അറിയിച്ചതായും സൂചനയുണ്ട്. എ പ്ലസ് വിവാദം കത്തിക്കയറിയതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാടിനെ തള്ളി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരുന്നു. മൂല്യനിർണയത്തിൽ ഉൾപ്പെടെ നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.
ഡിജിഇയുടെ പരാമർശത്തിനു പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനകളും രംഗത്തെത്തി. വിജയശതമാനം പെരുപ്പിച്ച് കാട്ടാൻ അനാവശ്യമായി മാർക്ക് നൽകുന്നത് കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.