ഡോ. ഷഹനയുടെ മരണം; സുഹൃത്തിനെതിരേ കേസ്
Thursday, December 7, 2023 2:21 AM IST
തിരുവനന്തപുരം: യുവഡോക്ടർ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ. റുവൈസിനെതിരേ പോലീസ് കേസെടുത്തു.
മെഡിക്കൽ പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന ഡോ. റുവൈസ്, ഷഹനയുമായി മുൻപ് വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഉയർന്ന സ്ത്രീധനം ഡോ. റുവൈസിന്റെ വീട്ടുകാർ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചത്.
സംഭവം വിവാദമായതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് റുവൈസിനെ മെഡിക്കൽ പിജി അസോസിയേഷൻ നീക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം പിജി വിദ്യാർഥിയാണ് ഇയാൾ. തങ്ങൾ ഡോ. ഷഹനയ്ക്ക് ഒപ്പമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താക്കുറിപ്പിറക്കി. സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, കമ്മീഷണർ എന്നിവരോട് റിപ്പോർട്ട് തേടി.
അതേസമയം, ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. “എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാറ്റിലും വലുത് പണമാണ്’’ എന്നാണ് ഷഹനയുടെ കുറിപ്പിലുള്ളത്.