വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം; ചട്ടങ്ങൾ പരിഷ്കരിച്ചു
Thursday, December 7, 2023 2:21 AM IST
തിരുവനന്തപുരം: വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനും നിലവിലുള്ള സംരംഭങ്ങൾക്കു പകരം മറ്റൊന്നു തുടങ്ങുന്നതിനുമുള്ള നിയമതടസം ഒഴിവാക്കി. ഇതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം അനുവദിക്കാനുള്ള ചട്ടങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
കേരള ഗവണ്മെന്റ് ലാൻഡ് അലോട്ട്മെന്റ് ആൻഡ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് 2023 ന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ സംരംഭകരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
1964 ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകിയിരുന്നത്. 1969, 1970 വർഷങ്ങളിലും വകുപ്പിന് കീഴിലുള്ള ഡെവലപ്മെന്റ് ഏരിയ, ഡെവലപ്മെന്റ് പ്ലോട്ട് എന്നിവയിൽ ഹയർ പർച്ചേസ് വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾക്ക് ലാൻഡ് അസൈൻമെന്റ് ആക്ടിന്റെ പിൻബലം ഉണ്ടായിരുന്നില്ല.
പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ, അതാത് ജനറൽ മാനേജർമാർ, വ്യവസായ വകുപ്പ് ഡയറക്ടർ മുഖേന റവന്യു വകുപ്പിനാണ് നൽകേണ്ടിയിരുന്നത്. റവന്യു വകുപ്പാണ് പട്ടയം അനുവദിക്കുക. ഇതിന് കാലതാമസം നേരിട്ടിരുന്നതിനാൽ ജനറൽ മാനേജർമാർ നേരിട്ട്, അതത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസിൽദാർ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ 2020 നിലവിൽ വന്നിരുന്നു.
2020ലെ ഈ ഉത്തരവ് അനുസരിച്ച് പട്ടയം അനുവദിക്കുന്നതിൽ കളക്ടർമാർക്ക് പരിമിതികളുണ്ടെന്നു കണ്ടതോടെയാണ് 1960ലെ ലാൻഡ് അസൈൻമെന്റ് ആക്ടിന്റെ പിൻബലത്തോടെ പുതിയ ചട്ടം കൊണ്ടുവന്നത്. പുതിയ ചട്ടം റവന്യു വകുപ്പിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയതിനാൽ ജില്ലാ കളക്ടർമാർക്ക് പട്ടയ അപേക്ഷ പരിഗണിക്കുന്നതിനു തടസമില്ല.
പഴയ ചട്ടം
►നിലവിൽ ഭൂമി കൈമാറുന്നതിന് ഭൂമി വാങ്ങുന്ന വ്യക്തി ഭൂവിലയുടെ വ്യത്യാസവും പ്രോസസിംഗ് ഫീസും അടയ്ക്കണം.
► ഉത്പാദനം ആരംഭിച്ച് മൂന്നു വർഷം കഴിഞ്ഞാൽ മാത്രമേ ഭൂമി കൈമാറ്റം ചെയ്യാനാകൂ.
► ഉത്പാദനം ആരംഭിച്ച് മൂന്നു വർഷം കഴിഞ്ഞാൽ മാത്രമേ ഘടനാ മാറ്റം അനുവദിക്കൂ.
► പട്ടയത്തിന്റെ മാതൃകയിൽ (ഫോം ഡി ഏഴ്) വ്യവസായ സംരംഭത്തിന്റെ സ്വഭാവം ഏതെന്നു വ്യക്തമായി പറയുന്നുണ്ട്.
പുതിയ ചട്ടം
►ഭൂമി കൈമാറ്റം ചെയ്യുന്പോൾ വിലയിലെ വ്യത്യാസം അടക്കേണ്ടതില്ല.
►അലോട്ട്മെന്റ് ലഭിച്ചു മൂന്നുവർഷം കഴിഞ്ഞാൽ ഭൂമി കൈമാറാം.
►അലോട്ട്മെന്റ് ലഭിച്ച് മൂന്നു വർഷം കഴിഞ്ഞാൽ ഘടനാ മാറ്റം നടത്താം.
►പട്ടയത്തിൽ വ്യവസായ പ്രവർത്തനം എന്ന് മാത്രമെ രേഖപ്പെടുത്തുകയുള്ളു. അതിനാൽ സംരംഭത്തിന്റെ സ്വഭാവം മാറിയാലും പട്ടയത്തിൽ മാറ്റം വരുത്തേണ്ടതില്ല.