മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു
Thursday, December 7, 2023 2:21 AM IST
മണ്ണാർക്കാട്: സൗദി ജിസാൻ ദർബിൽ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് കൂമ്പാറ ചേരിക്കപ്പാടം അബ്ദുൽ മജീദ് (46) ആണു കൊല്ലപ്പട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പതുമണിയോടെയാണു സംഭവം. പ്രതികളെന്നു സംശയിക്കുന്ന മൂന്നു ബംഗ്ലാദേശി സ്വദേശികളിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്നാണു വിവരം.
വർഷങ്ങളായി ദർബിൽ കട നടത്തി വരികയാണു മജീദ്. അവിടെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോടു ജോലിയില്ലെന്നു പറഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. മൃതദേഹം ദർബിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 15 വർഷമായി മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളും സൗദിയിൽത്തന്നെയാണു ജോലി ചെയ്യുന്നത്. രണ്ടു മാസം മുന്പ് മകൾ നാജിയുടെ വിവാഹത്തിനു വന്ന് പോയതാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.