പ്രതികളുടെ ശിക്ഷാ ഇളവ് മന്ത്രിസഭ തീരുമാനിക്കും
Thursday, December 7, 2023 2:21 AM IST
തിരുവനന്തപുരം: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്ന പ്രതികളുടെ ശിക്ഷാ ഇളവ് ഇനിമുതൽ മുഖ്യമന്ത്രി തീരുമാനിക്കേണ്ട; പകരം മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്താൻ ഗവർണറുടെ അനുമതി തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ കാര്യനിർവഹണ ചട്ടങ്ങൾ അനുസരിച്ച് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മുഖ്യമന്ത്രിയിൽ കേന്ദ്രീകൃതമാണ്. എന്നാൽ, കേരളത്തിന്റെ കീഴ്വഴക്കമനുസരിച്ചു മന്ത്രിസഭയാണ് ശിക്ഷാ ഇളവു തീരുമാനിച്ചു ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്. ഗവർണർ അംഗീകരിക്കുന്നതോടെ ശിക്ഷാ ഇളവു നൽകി പ്രതികളെ വിട്ടയയ്ക്കാനാകും.
കീഴ്വഴക്കമനുസരിച്ചു മന്ത്രിസഭ തീരുമാനിക്കുന്ന ശിക്ഷാ ഇളവു കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനിക്കും എന്ന് കാര്യനിർവഹണ ചട്ടത്തിൽ എഴുതിവച്ചിരിക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
ശിക്ഷാ ഇളവിനു കേന്ദ്രത്തിൽ രാഷ്ട്രപതിയുടെയും സംസ്ഥാനങ്ങളിൽ ഗവർണറുടെയും അനുമതി വേണമെന്ന് ഇതു സംബന്ധിച്ച കേന്ദ്ര ചട്ടങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.