ബിപിസിഎല്‍ പ്ലാന്റ്; ട്രക്ക് തൊഴിലാളികളുടെ സമരം ഹൈക്കോടതി തടഞ്ഞു
Thursday, December 7, 2023 2:03 AM IST
കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ ട്രക്ക് തൊഴിലാളികള്‍ നടത്തുന്ന സമരം ഹൈക്കോടതി തടഞ്ഞു.
ഓള് കേരള എല്‍പിജി ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണു പാചകവാതക വിതരണം പൊതു അവശ്യസേവനത്തിന്റെ ഭാഗമാണെന്നു വിലയിരുത്തി ജസ്റ്റീസ് ബസന്ത് ബാലാജി സമരം വിലക്കിയത്.
നാലു തൊഴിലാളി യൂണിയനുകള്‍ക്കും ബിപിസിഎലിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കളക്ടര്‍, ലേബര്‍ കമ്മീഷണര്‍ എന്നിവരും വിശദീകരണം നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒന്നിനാണ് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തില്‍ ട്രക്ക് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെ സമരം ആരംഭിച്ചെന്നും രണ്ടിനു നടന്ന ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്തില്ലെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.
ഇത്തരം സമരത്തിനെതിരേ കെസ്മ പ്രകാരം ജില്ലാ കളക്ടര്‍ക്ക് നടപടി സ്വീകരിക്കാനാകും. അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെ സമരം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.