പെറ്റി കേസുകളില്‍ പ്രതിയെ കണ്ടെത്താനായില്ലെങ്കില്‍ മജിസ്ട്രേറ്റിന് നടപടി അവസാനിപ്പിക്കാം: ഹൈക്കോടതി
Thursday, December 7, 2023 1:39 AM IST
കൊച്ചി: പെറ്റി കേസുകളിലും സമന്‍സ് കേസുകളിലും പ്രതിയെ കണ്ടെത്താനാകില്ലെന്ന് പൂര്‍ണബോധ്യമുള്ള സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.
മേല്‍വിലാസത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ പ്രതിയെ കണ്ടെത്തി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുക അപ്രായോഗികമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പൊതുപണവും സമയവും നഷ്ടപ്പെടുന്നില്ലെന്ന് മജിസ്ട്രേറ്റുമാര്‍ ഉറപ്പാക്കണം. തീരുമാനത്തിന് വ്യക്തമായ കാരണം രേഖപ്പെടുത്തണം. പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ കേസില്‍ വീണ്ടും നടപടികള്‍ തുടരാം.
പ്രതികളെ കണ്ടെത്തി കോടതിയിലെത്തിക്കാൻ കഴിയാത്തതിനാല്‍ മാത്രം 1.59 ലക്ഷം കേസുകള്‍ മജിസ്ട്രേറ്റ് കോടതികള്‍ക്കു മുമ്പാകെ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച് വിഷയം തീര്‍പ്പാക്കാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശിപാര്‍ശ ചെയ്തതു പ്രകാരം സ്വമേധയാ എടുത്ത ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഇത്തരത്തില്‍ കേസ് അവസാനിപ്പിക്കുന്നത് പ്രതിയെ കുറ്റവിമുക്തമാക്കുന്നതിനു തുല്യമാണെന്ന് വിലയിരുത്തിയ കോടതി അസാധാരണവും അപൂര്‍വവുമായ സാഹചര്യത്തിലാണ് മജിസ്ട്രേറ്റുമാര്‍ക്ക് ഈ അധികാരം വിനിയോഗിക്കാനാകൂവെന്നും വ്യക്തമാക്കി.