പകുതി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ മന്ത്രിസഭാ ബസിനു ഭരണാനുമതി
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി വാങ്ങിയ ബസ് പകുതി ദൂരം പിന്നിട്ട പ്പോൾ ബസിനു ഭരണാനുമതി നൽകി സർക്കാർ. ബസ് വാങ്ങാൻ അനുമതിയും ഇതിനാവശ്യമായ 1.05 കോടി രൂപയുടെ ഭരണാനുമതിയും അനുവദിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി.
ബസ് വാങ്ങാൻ അനുമതിയും തുക ചെലവഴിക്കാൻ ഭരണാനുമതിയും ലഭിക്കാതെയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയുംകൊണ്ട് ബസ് ഏഴു ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയത്.
ബസിന്റെ തുടർ പരിപാലന ചുമതലയും അറ്റകുറ്റപ്പണിയും ടൂറിസം വകുപ്പിനെ ഏൽപ്പിക്കുന്നതായും ഉത്തരവിൽ പറയുന്നു. ആധുനിക സംവിധാനങ്ങൾ ഉൾപ്പെട്ട സാഹചര്യത്തിലാണ് ബസിന്റെ പരിപാലന ചുമതലയിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കിയത്.
1,05,19,839 രൂപയാണ് ബസ് വാങ്ങാൻ മാത്രം ചെലവായത്. ബസ് വാങ്ങിയതിന് ചെലവായ 1.05 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്. അടുത്ത ഉപധനാഭ്യർഥനയിലാണ് ബസ് വാങ്ങാൻ ആവശ്യമായ തുക അനുവദിക്കേണ്ടത്.