ഓയൂർ സംഭവം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വിട്ടേക്കും
Thursday, December 7, 2023 1:39 AM IST
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടേക്കും. പ്രൊഡക്ഷൻ വാറണ്ട് അനുസരിച്ച് മൂന്നു പ്രതികളെയും ഇന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അപ്പോൾതന്നെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പരമാവധി തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു.
ഒന്നാം പ്രതി പദ്മകുമാറിന് അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ, ഇയാൾക്ക് ഇടപാടുകളുള്ള ബാങ്കുകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും ഇന്നലെ അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. പരവൂർ, ചാത്തന്നൂർ മേഖലകളിലായിരുന്നു പരിശോധനയും വിവര ശേഖരണവും നടന്നത്. പ്രതികളുടെ മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങളും ശേഖരിച്ചു കഴിഞ്ഞു. പ്രതികൾക്ക് ഓരോരുത്തർക്കും എത്ര ഫോണുകൾ ഉണ്ട്, വേറേ സിം കാർഡുകൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യങ്ങളും പരിശോധിച്ചു വരികയാണ്.
തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിട്ട് ഒരു വർഷമായി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാലയളവിലെ പ്രതികളുടെ വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കും. ഇവ ഫോണിൽ ഇല്ലെങ്കിൽ അതു ലഭ്യമാക്കാർ വാട്സ് ആപ്പ് അധികൃതരെ സമീപിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷവും പിന്നീട് ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ചതിനും മധ്യേ പ്രതികൾ വാഹനങ്ങൾ മാറി മാറി ഉപയോഗിച്ചുണ്ട്. ഇതിന് ആരെങ്കിലും സഹായം നൽകിയോ എന്നതാണ് മറ്റൊരു അന്വേഷണവിഷയം. പദ്മകുമാറും കുടുബവും താമസിക്കുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ എത്തിയുള്ള തെളിവെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
തട്ടിക്കൊണ്ടുപോകലിനു ശേഷം കുട്ടിയെ എത്തിച്ചത് ഈ വീട്ടിലാണ്. കുട്ടിക്ക് ഉറക്കഗുളിക നൽകിയതാര്, കുട്ടിയുടെ സ്കൂൾ ബാഗ് എവിടെ, സഹോദരന് കൈമാറാൻ സംഘം കരുതിയ കുറിപ്പിന് എന്തു സംഭവിച്ചു എന്നിവയ്ക്ക് ഇവിടത്തെ തെളിവെടുപ്പിൽനിന്ന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
തട്ടിക്കൊണ്ടുപോയ കാറിൽ മൂന്നുപേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വീട്ടിൽ ഇവരെ കൂടാതെ വേറെയും ചിലർ ഉണ്ടായിരുന്നതായും അവരെ കൃത്യമായി ഓർക്കാൻ കഴിയുന്നില്ലന്നും കുട്ടിയുടെ മൊഴിയുണ്ട്.
ഇക്കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്. ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിനെതിരേ വ്യാപക ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനാൽ ജാഗ്രതയോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.