കർഷകരക്ഷയില്ലാതെ മൃഗാശുപത്രികൾ; വിജിലൻസ് റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തി
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മൃഗാശുപത്രികളെ ക്കൊണ്ട് ക്ഷീര കർഷകർക്ക് അടക്കം രക്ഷയില്ല. സംസ്ഥാന സർക്കാരിനു കീഴിലുള്ള മൃഗാശുപത്രികളിൽ ഒരേ സമയം വിജിലൻസ് ഇന്നലെ നടത്തിയ റെയ്ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലയ്ക്ക് ഉപയോക്താക്കൾക്ക് മൃഗാശുപത്രികൾ വഴി വിൽക്കുന്നതായി കണ്ടെത്തി.
ഡ്യൂട്ടി സമയത്തുപോലും ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. ഏതാനും ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപയോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതും ശ്രദ്ധയിൽപ്പെട്ടു.
പലയിടത്തും സ്റ്റോക്കുകളിൽ പറഞ്ഞിരിക്കുന്നത്ര മരുന്നുകൾ ഉണ്ടായിരുന്നില്ല. മറ്റു ചിലയിടങ്ങളിൽ സ്റ്റോക്കിൽ പറഞ്ഞിരിക്കുന്നതിനെക്കാൾ അധികം മരുന്നുണ്ടായിരുന്നു. ഏതാനും ആശുപത്രികളിൽ മരുന്നുകളുടെ സ്റ്റോക്ക് രേഖപ്പെടുത്തിയിരുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. രേഖകളുടെ വിശദമായ പരിശോധന നടന്നുവരികയാണ്. പരിശോധന ഇന്നും തുടരും.
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എട്ടു വീതം ആശുപത്രികളിലും കോട്ടയം ജില്ലയിൽ അഞ്ചിടത്തുമായിരുന്നു പരിശോധന. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് വീതവും മറ്റ് ജില്ലകളിൽ മൂന്നു വീതവുമടക്കം 56 മൃഗാശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു.