മുഖ്യമന്ത്രിയുടെ ബസ് തടഞ്ഞിട്ടു; അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
Thursday, December 7, 2023 1:39 AM IST
പുതുക്കാട്: പാലിയേക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു. അഞ്ചുപേര്‍ അറസ്റ്റില്‍. നവകേരളസദസിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ രണ്ടിടത്തു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി പ്രതിഷേധിച്ചു. പുതുക്കാട് സെന്ററില്‍ പോലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു പ്രതിഷേധം.
തലോറിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ബൈപാസിനു സമീപം യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുകയായിരുന്നു. മുദ്രാവാക്യവുമായി പാഞ്ഞടുത്ത പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കംചെയ്തത്. സംഭവത്തില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോണ്‍ ജോണ്‍, ജില്ലാ സെക്രട്ടറിമാരായ അരുണ്‍ മോഹന്‍, ടി.എസ്. ഷെറിന്, പുതുക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫ്രാന്‍സിസ്, നെന്മണിക്കര മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് ഐത്താടന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
പുതുക്കാട് സെന്ററില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ ഭാഗത്തുനിന്നു മാറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം