നവജാതശിശുവിന്റെ മരണം; കൊലപാതകം
Thursday, December 7, 2023 1:39 AM IST
തിരുവല്ല: നവജാതശിശു മരിച്ച സംഭവത്തിൽ അവിവാഹിതയായ അമ്മയെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട സ്വദേശിയായ ഇരുപതുകാരിയാണ് തിരുവല്ല പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ചുമത്രയിലെ വീടിന്റെ ശുചിമുറിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച പെൺകുഞ്ഞിനു ജന്മം നൽകിയത്.
പ്രസവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. തുടർന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
പ്രസവിച്ച ഉടൻ യുവതി കുഞ്ഞിനെ തലകീഴായി പിടിച്ച് മുഖത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണകാരണം ശ്വാസംമുട്ടിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ആയതിനെത്തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
കൂടുതൽ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ സ്വദേശിയായ കാമുകനിൽനിന്നാണ് ഇവർ ഗർഭം ധരിച്ചതെന്നു പറയുന്നു.
ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. തിരുവല്ല കേന്ദ്രമാക്കി ഹോം നഴ്സ്, പാലിയേറ്റീവ് കെയർ ജോലികൾ ചെയ്തുവരികയായിരുന്നു യുവതി.