മിശ്രവിവാഹത്തിനു പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്ഐയുമെന്ന് സമസ്ത
Thursday, December 7, 2023 1:39 AM IST
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംകള്‍ക്കു വിവാഹം കഴിച്ചുകൊടുക്കുന്ന മിശ്രവിവാഹത്തിനു പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്ന് സമസ്ത നേതാവും എസ്കെഎസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി.
കൊയിലാണ്ടിയില്‍ സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ സാരഥി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിപിഎമ്മിനും ഡിവൈഎഫ്ഐക്കും എതിരേ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
മുസ്ലിമിനെ ഹിന്ദു വിവാഹം കഴിച്ചാല്‍ അതു മതേതരത്വമായാണ് ചിലര്‍ കരുതുന്നത്. സങ്കരസംസ്കാരമായി മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടുവരുന്നുണ്ട്.
മുസ്ലിം മുസ്ലിമിനെയും ഹൈന്ദവര്‍ ഹൈന്ദവരെയും വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹിന്ദു, മുസ്ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂ എന്നും മതനിരപേക്ഷതയാകൂ എന്നും മതേതരത്വമാകൂ എന്നുമാണ് ചിലരുടെ കുടിലതന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളുടെ പിന്‍ബലത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംകള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന വിധത്തില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെയും ഡിവൈഎഫഐയുടെയും എസ്എഫ്ഐയുടെയും മതനിരാസത്തെ ശക്തമായി എതിര്‍ക്കാന്‍ സംഘടിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.