കലാകാരന്മാർ നേരിന്റെ താക്കോൽ സൂക്ഷിപ്പുകാർ: പ്രഫ. എം.കെ. സാനു
Thursday, December 7, 2023 1:39 AM IST
കൊച്ചി: നേരിന്റെ താക്കോൽ സൂക്ഷിപ്പിന് നിയോഗിക്കപ്പെട്ടവരാണ് കലാകാരന്മാരും എഴുത്തുകാരുമെന്ന് പ്രഫ. എം.കെ. സാനു. 2023ലെ കെസിബിസി മീഡിയ അവാർഡ് വിതരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലയിലെ നന്മകളെയും തനിമകളെയും പ്രോത്സാഹിപ്പിക്കാൻ കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും പ്രഫ. സാനു പറഞ്ഞു.
ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
പ്രഫ. എം. തോമസ് മാത്യു (സംസ്കൃതി), റവ. ഡോ. തോമസ് മൂലയിൽ (ദാർശനിക വൈജ്ഞാനികം), പ്രഫ. ഡോ. കെ.വി. തോമസ്കുട്ടി കൈമലയിൽ, ജോർജ് കണക്കശേരി (ഗുരു പൂജ), പൗളി വത്സൻ (മാധ്യമം), ഷീല ടോമി (സാഹിത്യം), അഭിജിത് ജോസഫ് (യുവ പ്രതിഭ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം ‘പാവവീട്’ നാടകം അവതരിപ്പിച്ചു.