തോമസ് ഐസക്കിന്റെ അപ്പീല്‍ ഇന്നു പരിഗണിക്കും
Thursday, December 7, 2023 1:39 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കിഫ്ബിയും മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുൺ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.
ജസ്റ്റീസ് വി.ജി. അരുണാണ് ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ആദ്യം പരിഗണിച്ചത്. അതിനാല്‍ അദ്ദേഹം അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഒഴിവായ സാഹചര്യത്തിലാണ് ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്.
കാരണങ്ങളില്ലാതെയാണു സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്നാണ് അപ്പീലിലെ ആക്ഷേപം.
മസാല ബോണ്ടുകൾ ഇറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമന്‍സ് അയയ്ക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്.