ശബരിമലയിലെ ഹൈഡ്രോളിക് മേല്‍ക്കൂര: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Thursday, December 7, 2023 1:39 AM IST
കൊച്ചി: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു ഹർജി പരിഗണിച്ചത്. വിശദീകരണത്തിന് സര്‍ക്കാരിനു സമയം അനുവദിച്ച കോടതി ഹർജി വീണ്ടും 19ന് പരിഗണിക്കാനായി മാറ്റി.
ശബരിമലയില്‍ തിരക്ക് ഏറിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്കി. ആകെയുള്ള ഭക്തരില്‍ 20 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നിലയ്ക്കലില്‍ ഭക്തര്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ഒരുക്കിയിട്ടുള്ള ഫാസ്റ്റ് ടാഗ് സംവിധാനത്തിന് ഒരു സ്കാനിംഗ് യന്ത്രം മാത്രമാണുള്ളത്. വൈദ്യുതി തടസപ്പെട്ടാല്‍ സ്കാനറിന്റെ പ്രവര്‍ത്തനവും തടസപ്പെടും. ഈ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം.
ട്രെയിന്‍ മാര്‍ഗം എത്തുന്ന ഭക്തര്‍ക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിട്ടുള്ള സൗകര്യം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടി.