ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാൻ കർശന നിർദേശം
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
ഓഫീസുകളിലെ എല്ലാ ബോർഡുകളും ആദ്യനേർപകുതി മലയാളത്തിലും രണ്ടാം നേർപകുതി ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. വാഹനങ്ങളുടെ ബോർഡുകൾ മുൻവശത്ത് മലയാളത്തിലും പിൻവശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകൾ എന്നിവ മലയാളത്തിൽക്കൂടി തയാറാക്കണം.
ഹാജർപുസ്തകം, സ്യൂട്ട് രജിസ്റ്റർ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തിൽ തയാറാക്കി മലയാളത്തിൽത്തന്നെ രേഖപ്പെടുത്തലുകൾ വരുത്തണം. ഫയലുകൾ പൂർണമായും മലയാളത്തിൽ കൈകാര്യം ചെയ്യണം.
ഭരണഭാഷാ ഉപയോഗം സംബന്ധിച്ച് സർക്കാർ നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലും ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലുമൊഴികെ ഫയൽനടപടി പൂർണമായും മലയാളഭാഷയിലായിരിക്കണം. ഇംഗ്ലീഷ്/ ന്യൂനപക്ഷഭാഷയിൽ കത്തുകൾ തയാറാക്കുമ്പോൾ കുറിപ്പുഫയൽ മലയാളത്തിലായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.