ബഫർ സോണ്‍ : പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു
Wednesday, December 6, 2023 2:47 AM IST
തിരുവനന്തപുരം: ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ നിർബന്ധമായും ബഫർ സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു.
2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്രസർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ജനവാസകേന്ദ്രങ്ങൾ ബഫർസോണ്‍ പരിധിയിൽനിന്നു പൂർണമായിഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
2023 ഏപ്രിൽ 26ന് വിഷയം സുപ്രീംകോടതി വീണ്ടും പരിശോധിക്കുകയും ബഫർസോണ്‍ പ്രദേശങ്ങൾ രേഖപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ച കരടു വിജ്ഞാപനങ്ങൾക്കും അന്തിമ വിജ്ഞാപനങ്ങൾക്കും ഒരു കിലോമീറ്റർ പരിധി വേണമെന്ന കോടതി വിധി ബാധകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ ഇതിനകം കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയാറാക്കും.
ഇതു തയാറാക്കുന്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖലകൾ നേരത്തേ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽകൂടി പരിശോധിക്കുന്നതിനും ജന വാസമേഖല പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജി അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് ലഭിച്ചതെന്നാണു വനം മന്ത്രിയുടെ ഓഫിസ് കരുതുന്നത്.
ബഫർ സോണുകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്. ക്വാറികൾക്കും ഖനികൾക്കും വൻകിട വ്യവസായങ്ങൾക്കും മാത്രമായിരിക്കും നിയന്ത്രണം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജനവികാരത്തിനൊപ്പംനിന്ന സർക്കാരിന്റെ ആത്മാർഥതയുടെയും കഠിനപ്രയത്നത്തിന്റെയും ഫലമാണ് സുപ്രീംകോടതി വിധിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 2002 മുതൽ കഴിഞ്ഞ 20 വർഷത്തിലേറെയായി നിലനിന്ന ബഫർ സോണ്‍ വിഷയത്തിന് ഇതോടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.