കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; ക്രൈംബ്രാഞ്ച് ചോദ്യാവലി തയാറാക്കുന്ന തിരക്കിൽ
Wednesday, December 6, 2023 2:47 AM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് വിശദമായ ചോദ്യാവലി തയാറാക്കിയതിന് ശേഷം.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുന്നോടിയായുള്ള പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം നൽകിയെങ്കിലും പരിഗണിക്കുന്നതിന് രണ്ട് ദിവസം സാവകാശം തേടി.
കുട്ടിയെ ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയതു മുതൽ പ്രതികൾ തെങ്കാശി പുളിയറയിൽ പിടിയിലാകുന്നതു വരെയുള്ള കാര്യങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യാവലി തയാറാക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ ചില നിർദേശങ്ങൾ പോലീസ് ആസ്ഥാനത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
കേസിൽ മൂന്ന് പ്രതികൾ മാത്രമേയുള്ളൂ എന്ന് എഡിജിപി എം.ആർ. അജിത് കുമാർ പറഞ്ഞത് വ്യാപകമായ ആക്ഷേപത്തിനും പരിഹാസത്തിനും ഇടയായ സാഹചര്യത്തിൽ കൃത്യമായ നിരീക്ഷണത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് നിർദേശം.
കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം തള്ളിക്കളയുന്നില്ല. പക്ഷേ അതിനുള്ള തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്.
റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റ നേതൃത്വത്തിലുള്ള 13 അംഗ സംഘമായിരിക്കും അന്വേഷണം നടത്തുന്നതെങ്കിലും മേൽനോട്ട ചുമതല റൂറൽ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിനായിരിക്കും.
പൂയപ്പള്ളി സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കഴിഞ്ഞ ദിവസം തന്നെ ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്തു.