ഫാംഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം: നാലുപേർ അറസ്റ്റിൽ
Wednesday, December 6, 2023 2:47 AM IST
കൊല്ലം: ഓയൂർ സംഭവത്തിലെ മുഖ്യപ്രതി കെ.ആർ. പദ്മകുമാറിന്റെ ഫാംഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജി, ഇയാളുടെ അനുജൻ ബിജു എന്നിവരെ ആക്രമിച്ച സംഘത്തിലെ നാലുപേരെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചാത്തന്നൂർ കാരംകോട് ചരുവിള പുത്തൻ വീട്ടിൽ അനന്തു വിക്രമൻ (31), ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ സജീവ് (39), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (30), കാരംകോട് സനൂജ് മൻസിലിൽ സായിപ്പ് എന്ന് വിളിക്കുന്ന സനൂജ് (31) എന്നിവരെയാണ് സിഐ എ. നിസാർ, എസ്ഐ സുജിത് ജി.നായർ, എഎസ്ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
തിങ്കൾ രാത്രി 8.45 നാണ് പോളച്ചിറ തെങ്ങുവിള സ്കൂളിന് സമീപം സഹോദരങ്ങൾക്ക് നേരേ ആക്രമണം ഉണ്ടായത്.
തങ്ങൾ ഓട്ടോറിക്ഷയിൽ വരുമ്പോൾ ഷാജിയും ബിജുവും സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയിൽ നിർത്തിയിട്ടിരിക്കയായിരുന്നു. മാറ്റാൻ പറഞ്ഞിട്ട് ഇരുവരും കേട്ടില്ല. തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു എന്നാണ് പിടിയിലാവർ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പരവൂർ സിഐ പറഞ്ഞു.