കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; സമദും വിപിൻ കുമാറും അനിതയെ രണ്ടു ദിവസം മുമ്പേതന്നെ തിരിച്ചറിഞ്ഞിരുന്നു
Wednesday, December 6, 2023 2:47 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ആറുവയസുകാരിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരിയെ പൊതുപ്രവർത്തകനായ സമദും അയിരൂർ ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറും ബുധനാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കുഞ്ഞിനെ തട്ടികൊണ്ടു പോവുകയും ചൊവ്വാഴ്ച ഉപേക്ഷിക്കുകയും ചെയ്ത പ്രതികൾ വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് അറസ്റ്റിലായത്.
പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത സമദിന്റെ ഒരു വനിതാ സുഹൃത്താണ് സമദിന് നിർണായക വിവരങ്ങൾ കൈമാറിയത്. സിഐ വിപിൻ കുമാർ ഈ വിവരങ്ങൾ ഷാഡോ പോലീസുമായി പങ്കുവയ്ക്കുകയും അവർ നിശബ്ദമായി ചടുല നീക്കങ്ങൾ നടത്തുകയും ചെയ്തതാണ് പ്രതികളെ വലയിലാക്കിയത്.
കേസിലെ സൂത്രധാരയായ അനിതകുമാരി ഒരു വ്യക്തിയോട് പണം കടം ചോദിച്ചിരുന്നു. ഈ സംഭാഷണം ഒരു വനിത റിക്കാർഡ് ചെയ്തിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതും സ്ത്രീയാണ്.
ഈ രണ്ട് ശബ്ദങ്ങളും ഇവർ റിക്കാർഡ് ചെയ്ത് സമദിന് കൈമാറി. പൊതുപ്രവർത്തകനും കണ്ണനല്ലൂർ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റുമായ സമദ് സഹൃദമുള്ള അയിരൂർ സിഐ വിപിൻ കുമാറിന് ഇത് കൈമാറി. രണ്ടും ഒരേ വ്യക്തിയുടെ ശബ്ദമാണെന്ന് ഉറപ്പുവരുത്തി.
അതോടെ അണിയറയിലുള്ള വനിത അനിതയുടെ ഫേയ്സ്ബുക്കിലെ രണ്ട് പ്രൊഫൈൽ ചിത്രങ്ങൾ എടുത്തു. ബേക്കറിയും ഫാം ഹൗസും ഉള്ള വിവരങ്ങളും മുമ്പ് കേബിൾ ടി വി നടത്തിയിരുന്ന വിവരങ്ങളും ശേഖരിച്ച് സമദ് മുഖേന അയിരൂർ ഇൻസ്പെക്ടർക്ക് നല്കി
. കുട്ടിയെ കിട്ടിയശേഷം പോലീസ് പുറത്തുവിട്ട രേഖാ ചിത്രം ഫെയ്സ്ബുക്കിൽ നിന്നെടുത്ത ഒരു പ്രൊഫൈൽചിത്രവും ഒരേ പോലെയുള്ളതായിരുന്നു. അനിതയുടെ മൂക്കിന്റെ പ്രത്യേകതയാണ് തിരിച്ചറിയൽ എളുപ്പമാക്കിയത്.
ഇതിനിടയിൽ അനിതയുടെയും കുടുംബത്തിന്റെയും കൂടുതൽ വിവരങ്ങളും ഫോൺ നമ്പരും ശേഖരിച്ച് കൈമാറിയതായും ഇപ്പോൾ ഹൈദരാബാദിലുളള സമദ് ദീപികയോട് പറഞ്ഞു.