ഹൈറിച്ച് എംഡി അറസ്റ്റില്‍; കണ്ടെത്തിയത് 126 കോടിയുടെ നികുതിവെട്ടിപ്പ്
Wednesday, December 6, 2023 1:30 AM IST
പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായി പ്രവര്‍ത്തിച്ചുവന്ന ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസന് അറസ്റ്റില്‍. കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് 126 കോടിയുടെ നികുതിവെട്ടിപ്പിന് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിലെ രാജന് സി. നായര്‍ കഴിഞ്ഞമാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഇതിന്മേല് അടിയന്തര നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്രമന്ത്രാലയം നിര്‍ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൊട്ടടുത്ത ദിവസംതന്നെ കേരള ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടി. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാസർഗോഡ് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന് കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.
കമ്പനിയുടെ നികുതിബാധ്യത 126.54 കോടിയാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും ഭാര്യ ശ്രീനയെയും ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജിഎസ്ടി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കു പിന്നാലെ രണ്ടു തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കമ്പനിയുടെ ഡയറക്ടര്‍മാര്‍ കുറ്റം സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. എംഎല്‍എം മോഡലിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പെന്നാണു കേരള ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
സാധാരണയായി സാമ്പത്തികതട്ടിപ്പുകള്‍ കണ്ടെത്തിയാല്‍ കമ്പനിയുടെയും പ്രതികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാറാണു പതിവ് . എന്നാല്‍ കുറ്റം കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഇത്തരമൊരു നടപടി ഹൈറിച്ചിനെതിരേ സ്വീകരിക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. പല ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും കമ്പനിയുടെ തട്ടിപ്പു സംബന്ധിച്ച പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാന്‍ വിമുഖത കാണിച്ചതും ചര്‍ച്ചയാവുകയാണ്.
പ്രതാപനെ അറസ്റ്റ് ചെയ്തതോടെ നിക്ഷേപകരെ ചാക്കിട്ടു പിടിക്കാനായി മോഹന വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയ കമ്പനിയുടെ പ്രമുഖരായ പിന്‍ഗാമികള്‍ ഒളിവിലാണ്. മാസംതോറും ഇവര്‍ക്കു ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനക്കണക്ക് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചിരുന്നവരാണ് ഒളിവിലായത്.
മാത്രമല്ല, കണക്കുകളിലെ കളികള്‍ നിരത്തി ജനങ്ങളെ മയക്കിയിരുന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ ഇവര്‍ പിന്‍വലിച്ചതുതന്നെ ഇവര്‍ നടത്തിവന്നത് നിയമവിരുദ്ധ സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്നതിന്റെ തെളിവായി മാറുകയാണ്.