യൂദാ ഗോത്രത്തിൽനിന്നു രാജാവ്
Wednesday, December 6, 2023 1:30 AM IST
യാക്കോബ് തന്റെ മക്കൾക്കു നല്കുന്ന അന്തിമാശീർവാദത്തിലാണ് രക്ഷകനെ സംബന്ധിച്ച അടുത്ത പ്രവചനം കാണുന്നത് (ഉല്പ. 49, 60). ഏബ്രഹാമിനു രണ്ടാമതു ജനിച്ച ഇസഹാക്കിനെയാണ് വാഗ്ദാനങ്ങളുടെ ഉടമയും പിന്തുടർച്ചക്കാരനുമായി ദൈവം നിശ്ചയിച്ചത്.
അതുപോലെ, യാക്കോബും യൂദായും തെരഞ്ഞെടുക്കപ്പെടുന്നു. മകനെ തന്ന് അനുഗ്രഹിച്ചതിനു ദൈവത്തെ സ്തുതിച്ചുകൊണ്ട് അമ്മയായ ലെയാ നല്കിയ പേരാണ് യൂദാ. ‘സ്തുതിക്കുക’ എന്നർഥമുള്ള യാദാഹ് എന്ന ക്രിയാധാതുവിൽനിന്നു രൂപപ്പെട്ട ഹീബ്രു നാമമാണ് യഹൂദ അഥവാ യൂദാ. ‘സ്തുതി’ എന്നർഥം.
തുടർന്ന് രക്ഷാചരിത്രം കേന്ദ്രീകരിക്കുന്നത് യൂദായിലും അവന്റെ സന്തതിയിലുമായിരിക്കും. യാക്കോബിന്റെ ആശീർവാദപ്രവചനത്തിൽ യൂദായ്ക്കു നല്കുന്ന വിശേഷണങ്ങൾ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടാകുന്ന സമാധാനവും സമൃദ്ധിയും സൂചിപ്പിക്കുന്നു. തന്റെ സഹോദരന്മാരിൽ ഏറ്റവും പ്രധാനിയും അവരുടെമേൽ അധികാരമുള്ളവനുമായിരിക്കും യൂദാ (ഉല്പ 49. 8-9). സഹോദരന്മാർ യൂദായെ പുകഴ്ത്തും. ശത്രുക്കളെ യൂദാ പരാജയപ്പെടുത്തും. യൂദായെ ഒരു സിംഹത്തോടാണ് ഉപമിക്കുന്നത്. രാജാവിന്റെ പ്രതീകമാണ് സിംഹം. ശക്തി, അധികാരം, ഭയജനകമായ സാന്നിധ്യം ഇതൊക്കെയാണ് സിംഹം.
രാജത്വത്തിന്റെ ദൃശ്യമായ അടയാളങ്ങളായ ചെങ്കോലും അധികാരദണ്ഡും (ഉല്പ. 49, 10) അവകാശി വന്നുചേരുന്നതുവരെ യൂദായെ വിട്ടുപോവുകയില്ല. യൂദാ ചെങ്കോലിന്റെ ഉടമസ്ഥനല്ല, യൂദായിൽനിന്നു ജനിക്കാൻ പോകുന്ന ഒരു രാജാവിയിരിക്കും. അത് വരാനിരിക്കുന്ന രക്ഷകൻ തന്നെയാണെന്നാണ് സൂചന. അവകാശി വന്നുചേരുന്നതുവരെ അധികാരദണ്ഡ് യൂദായിൽനിന്നു വിട്ടുപോകില്ല എന്നതിലൂടെ യൂദാ ഗോത്രത്തിന്റെ സമയപരിമിതിയും സന്തതിയുടെ രാജത്വത്തിന്റെ ശാശ്വതത്വ ഭാവവും സൂചിതമാകുന്നു.
തുടർന്ന് ഉല്പ. 49, 11-12 വാക്യങ്ങളിൽ അനേകം പ്രതീകങ്ങൾ ഉപയോഗിച്ചിരിക്കുന്നു. സകല ജനപദങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും സ്ഥാപിതമാകുന്ന രാജ്യം. മുന്തിരിച്ചെടിയിൽ കഴുതയെ കെട്ടുന്നതും മുന്തിരിച്ചാറിൽ വസ്ത്രം കഴുകുന്നതും വലിയ സമൃദ്ധിയുടെ അടയാളമാണ്. അതീവസുന്ദരനും ശക്തനുമായിരിക്കും യൂദായുടെ സന്തതിയായ രാജാവ്. വീഞ്ഞിൽ വസ്ത്രം കഴുകുന്നതിന് മറ്റ് അർഥങ്ങൾകൂടിയുണ്ട്.
ഏശയ്യാ പ്രവാചകൻ, ഇസ്രയേലിന്റെ ശത്രുക്കളെ തോല്പിച്ച് വിജയിയായി ജറുസലേമിലേക്കു വരുന്ന കർത്താവായ ദൈവത്തിന്റെ ചിത്രം ഒരു ധീരയോദ്ധാവിന്റെ പ്രതീകത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. (63: 1-2). ദൈവം സ്ഥാപിക്കുന്ന ആ രാജ്യമാണ് യൂദായുടെ സന്തതിക്കു ലഭിക്കുക.
യൂദായുടെ ഈ സന്തതി ഈശോമിശിഹായാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ഈശോ ധരിക്കുന്ന ചുവന്ന മേലങ്കി സ്വരക്തത്താലാണ് ശോണനിറമാർന്നത്. മുൾമുടി തറഞ്ഞ ശിരസിൽനിന്നു രക്തം ഇറ്റുവീണാണ് കണ്ണുകൾ ചുവന്നത്.
ശത്രുരക്തം ഒഴുക്കിയല്ല, സ്വരക്തം ചീന്തി, ജീവിതം തന്നെ ബലിയായർപ്പിച്ച്, ദൈവത്തിന്റെ നിരുപാധികവും അനന്തവുമായ സ്നേഹം പ്രകടമാക്കിയ ദൈവപുത്രനിലേക്കു വിരൽ ചൂണ്ടുന്നതാണ് യാക്കോബ് യൂദായ്ക്ക് നല്കുന്ന ആശീർവാദത്തിലെ പ്രവചനം.