കുസാറ്റ് അപകടം: അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
Wednesday, December 6, 2023 1:30 AM IST
കൊച്ചി: കുസാറ്റില്‍ സംഗീതനിശയ്ക്കിടെയുണ്ടായ അപകടം സംബന്ധിച്ചു നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പത്തു ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്നാണു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സർക്കാരിനു നിർദേശം നൽകിയത്. നടന്നത് അപകടമാണെങ്കിലും ചില ക്രമീകരണങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. സംഭവത്തിൽ കുറ്റക്കാരായ സർവകലാശാല, രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരേ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ഹർജിയിൽ ആരോപിച്ചു.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു കുസാറ്റിൽ നടന്നതെന്ന് കോടതി പറഞ്ഞു. വിലപ്പെട്ട ജീവനുകളാണു നഷ്ടമായത്. എന്തെങ്കിലും ദുരന്തങ്ങൾ നടന്നുകഴിഞ്ഞ ശേഷം മാത്രമാണു നമ്മൾ അതേക്കുറിച്ച് ചിന്തിക്കുന്നത്. ഇക്കാര്യത്തിൽ സര്‍വകലാശാലയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികളെ സംഭവത്തിന്റെ പേരിൽ കുറ്റപ്പെടുത്താനാകില്ല.
സിൻഡിക്കറ്റ് ഉപസമിതിയും പോലീസുമുൾപ്പെടെ അന്വേഷണം നടത്തുന്നുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണറിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്. ഹർജി 14 ന് വീണ്ടും പരിഗണിക്കും.
“പ്രിൻസിപ്പലിന്റെ കത്ത് അവഗണിച്ചു”
കുസാറ്റിലെ സംഗീതപരിപാടിക്കു സുരക്ഷ ആവശ്യപ്പെട്ടുള്ള സ്കൂള്‍ ഓഫ് എൻജിനിയറിംഗ് പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാലാ അധികൃതര്‍ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടിയെന്നു ഹർജിയിൽ ആരോപിച്ചു.
ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത് സിന്‍ഡിക്കറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമാണ്.
കേരളത്തിലെ സര്‍വകലാശാലാ കാമ്പസിൽ ആദ്യമായാണ് തിക്കിലും തിരക്കിലും പെട്ടു മരണം സംഭവിക്കുന്നത്.
അതിനാൽ ഇക്കാര്യത്തില്‍ സർക്കാരിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് നൽകണം. ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയും വേണം.
2015ൽ തിരുവനന്തപുരം സിഎടി എൻജിനിയറിംഗ് കോളജിൽ ഓണാഘോഷത്തിനിടെയുണ്ടായ ജീപ്പ് അപകടം സംബന്ധിച്ച് ഹൈക്കോടതി വിധിന്യായത്തിൽ, സര്‍വകലാശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ പറയുന്നുണ്ട്. ഇത് കുസാറ്റ് അധികൃതര്‍ പാലിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.