നവജാത ശിശുവിന്റെ ദുരൂഹ മരണം കൊലപാതകമെന്നു സൂചന
Wednesday, December 6, 2023 1:16 AM IST
തിരുവല്ല: നവജാത ശിശുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചുമത്രയിലെ വാടകവീട്ടിൽ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിരുന്നത്. പ്രസവത്തെത്തുടർന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. തുടർന്നുള്ള റിപ്പോർട്ടിലാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്ന നിഗമനമുള്ളത്.
ആശുപത്രിയിൽ കഴിയുന്ന യുവതി പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ യുവതിയുടെ കാമുകനെന്ന് പറയുന്നയാളും പോലീസ് നിരീക്ഷണത്തിലാണ്.
തിരുവല്ല കേന്ദ്രീകരിച്ച് ഹോം നഴ്സ്, പാലിയേറ്റീവ് കെയർ ജോലികൾ ചെയ്തു വരികയായിരുന്നു പത്തനംതിട്ട സ്വദേശിനിയായ യുവതി.