കേരളീയം പരിപാടിയുടെ സ്പോണ്‍സർമാർ ആര്?; വിവരാവകാശ ചോദ്യത്തിനുള്ള മറുപടി തട്ടിക്കളിച്ച് ചീഫ് സെക്രട്ടറിയും വിവിധ വകുപ്പുകളും
Wednesday, December 6, 2023 1:16 AM IST
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോണ്‍സർമാർ ആരാണെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിനു കൃത്യമായ മറുപടി നൽകാതെ തട്ടിക്കളിച്ച് ചീഫ് സെക്രട്ടറിയും വിവിധ വകുപ്പുകളും.
കേരളീയം പരിപാടിയുടെ സ്പോണ്‍സർമാർ ആരാണെന്നും ഓരോരുത്തരും സ്പോണ്സർ ചെയ്ത തുക എത്രയാണെന്നുമുള്ള കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിയോടുള്ള ചോദ്യത്തിനാണ് ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്നും അപേക്ഷയുടെ പകർപ്പ് വിവിധ വകുപ്പുകൾക്കു കൈമാറിയെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ മറുപടി.
അപേക്ഷയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി വിനോദ സഞ്ചാരം, വിവര പൊതുജന സന്പർക്കം, സാംസ്കാരികം, വ്യവസായം, നികുതി എന്നീ വകുപ്പുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കു കൈമാറിയിട്ടുണ്ടെന്നായിരുന്നു ചീഫ് സെക്രട്ടറിക്കു വേണ്ടി പൊതുഭരണ (ഏകോപന) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി കഴിഞ്ഞ മാസം മറുപടി നൽകിയത്.
വ്യവസായ വകുപ്പിൽ സ്പോണ്‍സർമാരുടെ വിവരമില്ലെന്നും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ അപേക്ഷ കൈമാറിയിട്ടുണ്ടെന്നും വ്യവസായ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് വിവരാവകാശ അപേക്ഷ വ്യവസായവകുപ്പിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത വിഭാഗത്തിലേക്കു തട്ടിയത്.
നികുതി വകുപ്പിൽ സ്പോണ്‍സർമാരുടെ വിവരം ലഭ്യമല്ലെന്നും ധനകാര്യ വകുപ്പിനും ജിഎസ്ടി കമ്മീഷണറുടെ ഓഫീസിലും അയച്ചുകൊടുത്തിട്ടുണ്ടെന്നുമായിരുന്നു നികുതി വകുപ്പ് മറുപടി.
സാംസ്കാരിക വകുപ്പിൽ സ്പോണ്‍സർമാരുടെ വിവരങ്ങൾ ലഭ്യമല്ലെന്നും സാംസ്കാരിക വകുപ്പ് അധ്യക്ഷ കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു.
സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടത്തിയ കേരളീയം പരിപാടിയുടെ സ്പോണ്‍സർമാരുടെ വിവരം സെക്രട്ടേറിയറ്റിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഇല്ലാത്തത് ഏറെ കൗതുകകരമാണ്. കേരളീയം പരിപാടിയുടെ കണ്‍വീനറായിരുന്നു ചീഫ് സെക്രട്ടറി.