നെല്ലുസംഭരണത്തിന് കേന്ദ്രം തരാനുള്ളത് 790 കോടി: മുഖ്യമന്ത്രി
Wednesday, December 6, 2023 1:16 AM IST
തൃശൂര്‍: കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നെല്ലുസംഭരണത്തിനായി കേന്ദ്രവിഹിതം കൃത്യമായി സംസ്ഥാനത്തിന് കിട്ടുന്നില്ല. 790 കോടി രൂപയാണ് ഇനിയും കിട്ടാനുള്ളത്. ഇത് നെല്ലുസംഭരണത്തെ ബാധിക്കുന്നുണ്ട്. കാര്‍ഷികമേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നെല്ലിന് ഉയര്‍ന്ന സംഭരണവില നല്കിയതും സുഭിക്ഷ കേരളം, വിള ഇന്‍ഷ്വറന്‍സ് എന്നിവയും അതില്‍ ചിലതുമാത്രമാണ്.
നവ ഉദാരവത്കരണ നയങ്ങള്‍ കേന്ദ്രം ഇപ്പോള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുന്നതിനാല്‍ കാര്‍ഷികമേഖല കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി കേരളസർക്കാർ കര്‍ഷകരെ ഒപ്പം നിര്‍ത്തുകയാണ്. കാര്‍ഷികമേഖലയ്ക്കു സഹായകമാകുന്ന പദ്ധതികള്‍ ഏഴു വര്‍ഷമായി നടപ്പാക്കിയതിനാല്‍ കര്‍ഷകക്ഷേമം ഉറപ്പാക്കാനായി.
170 കോടി രൂപ നെല്‍കൃഷി വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കൃഷിഭവനുകള്‍ ആധുനികീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.