കോട്ടയം കളക്ടറുടെ വസതിനിർമാണം നിർമിതി കേന്ദ്രത്തിന്
Wednesday, December 6, 2023 1:16 AM IST
തിരുവനന്തപുരം: കോട്ടയം കളക്ടറുടെ ബംഗ്ലാവിന്റെ നവീകരണച്ചുമതലയിൽനിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിർമിതി കേന്ദ്രത്തിനു നൽകി ഉത്തരവ്.
ജില്ലാ കളക്ടർ, റവന്യു മന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിർമിതി കേന്ദ്രത്തിനു കൈമാറിയത്.
സ്മാർട്ട് റവന്യു ഓഫീസുകളുടെ നിർമാണം, നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോട്ടയം ജില്ലാകളക്ടറുടെ താമസസ്ഥലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 85 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. നിർവഹണ ഏജൻസിയായി പൊതുമരാമത്തു വകുപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാൽ, പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, നിർമിതി കേന്ദ്രത്തിനു നിർമാണച്ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 15ന് ജില്ലാ കളക്ടർ, റവന്യു മന്ത്രി കെ. രാജനു കത്തു നൽകിയിരുന്നു.
പൊതുമരാമത്തു വകുപ്പിനു കീഴിൽ നിർമാണ പ്രവൃത്തി നടത്തുന്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണു ജില്ലാ നിർമിതി കേന്ദ്രത്തെ നിർവഹണ ഏജൻസിയായി നിയമിക്കണമെന്നു നിർദേശിച്ചതെന്നാണു സൂചന.
ഭവന നിർമാണ വകുപ്പിനു കീഴിലുള്ള ജില്ലാ നിർമിതി കേന്ദ്രം, റവന്യു മന്ത്രിയുടെ കീഴിലുള്ള വകുപ്പുകൂടിയാണ്. കളക്ടറുടെ ആവശ്യം പരിഗണിച്ച റവന്യു വകുപ്പു നിർമിതി കേന്ദ്രയെ നിർമ്മാണച്ചുമതല ഏൽപിച്ച് ഡിസംബർ ആദ്യം ഉത്തരവും ഇറക്കുകയായിരുന്നു.