വനാശ്രിത ഗ്രാമങ്ങളില്‍ ഔഷധ സസ്യക്കൃഷി
Wednesday, December 6, 2023 1:16 AM IST
റെജി ജോസഫ്
കോട്ടയം: ഒന്‍പത് ജില്ലകളിലെ 152.86 ഹെക്ടര്‍ വനാശ്രിത ഗ്രാമങ്ങളില്‍ വനം വകുപ്പ് ഔഷധ സസ്യ കൃഷി നടത്തും. വനൗഷധ സമൃദ്ധി എന്ന പേരില്‍ മഞ്ഞള്‍, തുളസി എന്നിവ ഒന്നാം ഘട്ടത്തിലും ഇഞ്ചി, കൂവ, പനിക്കൂര്‍ക്ക, ആടലോടകം തുടങ്ങിയവ രണ്ടാം ഘട്ടത്തിലും കൃഷി ചെയ്യും. ആദിവാസികള്‍ക്കും വനാതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്കും സാമ്പത്തികനേട്ടമുണ്ടാക്കാനാണ് കാട്ടുമൃഗങ്ങള്‍ നശിപ്പിക്കില്ലാത്ത ഇത്തരം ഇനങ്ങള്‍ നടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അടുത്ത മാസത്തോടെ കൃഷി തുടങ്ങും. കൃഷിവകുപ്പിന്റെ സഹകരണത്തോടെ വിത്തും തൈയും ലഭ്യമാക്കും. കൃഷിച്ചെലവ് വനം വകുപ്പ് നല്‍കും. വനാശ്രിത പിന്നാക്ക കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഔഷധകൃഷി നേട്ടമാകും.
വനങ്ങളോട് ചേര്‍ന്ന സ്വകാര്യഭൂമിയിലും പട്ടയഭൂമിയിലും ആദിവാസികള്‍ക്ക് കൈവശാവകാശരേഖ ലഭിച്ച ഭൂമിയിലുമാണ് ഇവ നടുന്നത്. വനാതിര്‍ത്തിയുള്ള മറ്റ് ജില്ലകളിലും അടുത്ത വര്‍ഷം കൃഷി തുടങ്ങും.
ഔഷധ സസ്യങ്ങള്‍ മൂല്യവര്‍ധന നടത്തിയും മഞ്ഞള്‍ ഉണക്കി പൊടിച്ചും വനശ്രീ ബ്രാന്‍ഡില്‍ വിപണിയിലും വനംവകുപ്പ് ഔട്ട്ലറ്റിലും വില്ക്കാന് വനം വകുപ്പ് പദ്ധതിയിടുന്നു.
റാന്നി, അച്ചന്‍കോവില്‍, മാങ്കുളം, പെരിയാര്‍ ഈസ്റ്റ്, പെരിയാര്‍ വെസ്റ്റ്, ഇടുക്കി, മൂന്നാര്‍ വൈല്‍ഡ് ലൈഫ്, തൃശൂര്‍, ചാലക്കുടി, നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്, മണ്ണാര്‍ക്കാട്, നെന്മാറ, പറമ്പിക്കുളം, നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, കോഴിക്കോട് വനം ഡിവിഷനുകള്‍ക്കു കീഴില്‍ മൂവായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
ദേവസ്വം ബോര്‍ഡ്, ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്പ്മെന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ, ആയുര്‍ വേദ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ആയുര്‍വേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡുണ്ട്.
ഔഷധ സസ്യകൃഷിയില്‍ ഏര്‍പ്പെടുന്ന വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് അംഗങ്ങള്‍ക്ക് ഇതില്‍ പരിശീലനവും സാങ്കേതിക സഹായവും കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും നല്‍കും. തുളസിയും മഞ്ഞളും ദേവസ്വം ബോര്‍ഡ്, ആയുര്‍വേദ വ്യവസായ സ്ഥാപനങ്ങള്‍, ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറഷന് എന്നിവയ്ക്ക് നല്‍കാനും ധാരണയുണ്ട്.