വിവേചനത്തിൽനിന്നു ദളിതർ മോചിതരായിട്ടില്ല: കെ. രാജു
Wednesday, December 6, 2023 1:16 AM IST
തിരുവനന്തപുരം: രാജ്യത്തെ സൗമൂഹ്യ വിവേചനങ്ങളിൽനിന്നു ദളിതർ പൂർണമായും മോചിതരായിട്ടില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി എസ്സി-എസ്ടി ചീഫുമായ കെ.രാജു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയിത്തത്തിനെതിരേ വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയിലാണ് 1925 സെപ്റ്റംബർ 27ന് നാഗ്പുരിൽ ഹെഗ്ഡേവാർ ജാതിവ്യവസ്ഥ ഉൗട്ടിയുറപ്പിക്കാൻ രാഷ്ട്രീയ സ്വയം സേവക സംഘം ആരംഭിച്ചത്.
എന്നാൽ മഹാത്മാഗാന്ധി രൂപീകരിച്ച ഹരിജൻ സേവക് സംഘത്തിന്റെ ആറു നേതാക്കൾ രാജ്യവ്യാപകമായി സഞ്ചരിച്ച് അയിത്തോച്ചാടനത്തിനും ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി പ്രവർത്തിക്കുകയായിരുന്നു.
പൊതുടാങ്കിൽ നിന്ന് വെള്ളം ഉപയോഗിക്കാൻ ഡോ.ബി.ആർ. അംബേദ്ക്കർ പ്രക്ഷോഭം നടത്തുകയായിരുന്നു. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടങ്ങൾക്ക് വൈക്കം സത്യഗ്രഹം ചാലകശക്തിയായിരുന്നുവെന്നും കെ.രാജു കൂട്ടിച്ചേർത്തു.
കൊടിയ ജാതി വിവേചനം താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കെപിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കണ്ണൂർ എടക്കാട് അന്പലത്തിനു മുന്നിലൂടെ സവർണർ ഹോയ്..ഹോയ്.. എന്നു വിളിച്ചു പോകുന്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നു. കളിച്ചുകൊണ്ടിരുന്നപ്പോൾ ബാറ്റ് ഇട്ടേച്ചു പോകേണ്ടിയും വന്നു.
ഒരിക്കൽ കൂട്ടുകാരനൊപ്പം അവന്റെ ഇല്ലത്തു പോയപ്പോൾ ഉമ്മറത്തുനിന്നാൽ മതിയെന്നു കാരണവർ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇങ്ങനെയൊരു ഭൂതകാലം കേരളത്തിനുണ്ടെന്ന് പുതിയ തലമുറയ്ക്ക് അറിയില്ല. നാം ഇപ്പോൾ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ആരിലൂടെയും ഏതിലൂടെയും എങ്ങനെയാണെന്നും കൈവന്നതെന്ന് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിൽ വംശഹത്യ നടത്തിയ ഏകാധിപതികളെ ജനമനസിൽ പ്രതിഷ്ഠിക്കാൻ ഗീബൽസിനെ പോലുള്ളവർ നടത്തിയ പിആർ വർക്കിന്റെ പുതിയരൂപമാണ് ആധുനിക കാലഘട്ടത്തിൽ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, സുകുമാരൻ മൂലേക്കാട്, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ വി.പി. സജീന്ദ്രൻ, കണ്‍വീനർ എം.ലിജു, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല എന്നിവർ പ്രസംഗിച്ചു.