കാലിക്കട്ട് സർവകലാശാല ഫണ്ട് ട്രഷറിയിലേക്ക്; ദുരൂഹത
Wednesday, December 6, 2023 1:16 AM IST
തൃശൂർ: സംസ്ഥാനത്തു വൻസാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കാലിക്കട്ട് സർവകലാശാലയുടെ ഫണ്ട് ട്രഷറിയിലേക്കു മാറ്റാനുള്ള സിൻഡിക്കറ്റിന്റെ തീരുമാനം സർവകലാശാലയുടെ സ്വയംഭരണത്തെ കാര്യമായി ബാധിക്കുമെന്നു സെനറ്റ് മെമ്പർമാരായ ഡോ. വി.എം. ചാക്കോ, ഡോ. പി. സുൽഫി, ഡോ. ഇ. ശ്രീലത, ജി. സുനിൽകുമാർ, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ. ജയകുമാർ എന്നിവർ പറഞ്ഞു.
ബാങ്കിൽനിന്നു ലഭിക്കുന്നതിനെക്കാൾ ഒരു ശതമാനം കുറവാണ് ട്രഷറിയിൽനിന്നു ലഭിക്കുക. എന്നിട്ടും 160 കോടി രൂപയോളം ട്രഷറിയിലേക്കു മാറ്റുന്നതിൽ അടിമുടി ദുരൂഹതയാണെന്നു സെനറ്റ് അംഗങ്ങൾ പറഞ്ഞു.
ട്രഷറിയിലേക്കു മാറ്റിയാൽ സർവകലാശാല ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുടങ്ങും. വിദൂരവിദ്യാഭ്യാസം വഴിയുള്ള ഫണ്ടും ഇപ്പോൾ ഇല്ല. സർവകലാശാലയ്ക്കു ഫണ്ട് ഇല്ലാതെ വരുമ്പോൾ കുട്ടികളിൽനിന്നുള്ള ഫീസും മറ്റും കൂട്ടേണ്ട തീരുമാനത്തിലേക്കു സിൻഡിക്കറ്റിന് എത്തിച്ചേരേണ്ടിവരും. പരീക്ഷാനടത്തിപ്പിനെയും ഇതു ബാധിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനു പകരം സ്വയംഭരണ സ്ഥാപനമായ സർവകലാശാലയെ നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു സർവകലാശാലയെ തള്ളിവിടുന്ന തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.