കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
Tuesday, December 5, 2023 3:15 AM IST
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.
സംഘത്തിൽ പൂയപ്പള്ളി സിഐയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഈ കേസ് ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചപ്പോഴും റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് ടീമിലുണ്ടായിരുന്നു. കുട്ടിയുടെയും ബന്ധുക്കളുടെയുമൊക്കെ മൊഴികൾ പലതവണ വിശദമായി രേഖപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് കൊട്ടാരക്കര കോടതിയിൽ നൽകിയില്ല. ഇതിനായി ഇന്നലെ കൊട്ടാരക്കര റൂറൽ പോലീസ് ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേരുകയുണ്ടായി.
അതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ അറിയിപ്പ് വന്നത്. ഇതോടെ കസ്റ്റഡി അപേക്ഷ നൽകുന്നതിനുള്ള നീക്കത്തിൽനിന്ന് പോലീസ് പിന്നാക്കം പോയി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഇന്നുതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയേക്കും.
കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പൊരുത്തക്കേടുകൾ നിരവധിയുണ്ടെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ തിടുക്കത്തിൽ തീരുമാനമെടുത്തത്.
വധഭീഷണിയിലും അന്വേഷണം
ഒന്നാം പ്രതി കെ.ആർ. പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിക്ക് വധഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയ്ക്കു നേരേയാണ് വധഭീഷണി. ഇവരുടെ ഭർത്താവ് ഷാജിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി. പദ്മകുമാറിന്റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാം ഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്.
കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിച്ചിരുന്ന പദ്മകുമാറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ജയിൽ ഡിഐജിയുടെ നിർദേശാനുസരണമാണിത്.
പ്രതികൾക്കുവേണ്ടി രണ്ട് അഭിഭാഷകർ കോടതിയിൽ ഹാജരാകും. അഡ്വ. കെ.സുഗുണൻ പദ്മകുമാറിനുവേണ്ടിയും അഡ്വ. അജി മാത്യു പണിക്കർ ഭാര്യക്കും മകൾക്കും വേണ്ടിയും ഹാജരാകും.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പെടുത്തിയത് കോടതിയുടെ അറിവോടെ ലീഗൽ സർവീസ് അഥോറിറ്റിയാണ്. പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ചിറക്കര പഞ്ചായത്തിലെ പോളച്ചിറയിലെ ഫാം ഹൗസും ഇയാളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീടും ഇപ്പോഴും കനത്ത പോലീസ് കാവലിലാണ്.