മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടെ ജനറേറ്റർ കത്തി, വൈദ്യുതി നിലച്ചു
Tuesday, December 5, 2023 2:47 AM IST
തൃശൂർ: നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിനിടെ വൈദ്യുതി നിലച്ചു.
മധ്യപ്രദേശിലെ തോൽവി സംബന്ധിച്ചു വിശദീകരിക്കുന്പോൾ കമൽനാഥിനെക്കുറിച്ചും ഹനുമാനെക്കുറിച്ചും പറയുന്നതിനിടെയാണു സംഭവം. കറന്റു പോയതോടെ മൈക്കും ഓഫായി. എന്നാൽ അവസാനിപ്പിക്കുകയല്ലേ എന്നു ചോദിച്ച് മുഖ്യമന്ത്രി കസേരയിൽനിന്ന് എഴുന്നേറ്റ ഉടൻ കറന്റുവരികയും ചെയ്തു. വന്നല്ലോ എന്നുംപറഞ്ഞ് പുഞ്ചിരിച്ചുകൊണ്ടാണു മുഖ്യമന്ത്രി എഴുന്നേറ്റത്.
അഞ്ചുമിനിറ്റോളമാണു വൈദ്യുതി നിലച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനസമയത്ത് കെഎസ്ഇബിയുടെ വൈദ്യുതിബന്ധത്തിൽ തകരാർ ഉണ്ടായാൽ ബാധിക്കാതിരിക്കാൻ ജനറേറ്റർ ഉപയോഗിച്ചാണു കിലയിൽ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്. ഈ ജനറേറ്റർ കത്തിപ്പോയതാണ് വൈദ്യുതിതടസം അനുഭവപ്പെടാൻ കാരണം. ഉടൻ കെഎസ്ഇബി വൈദ്യുതി ഉപയോഗിക്കുകയായിരുന്നു.
മുഖ്യമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കുമുന്പേ പ്രദേശത്തു റബർ കരിയുന്ന ഗന്ധം ഉയർന്നിരുന്നു. പത്രക്കാരടക്കം പലരും ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും ആരും അതേക്കുറിച്ച് അന്വേഷിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനസമയത്തു വൈദ്യുതി നിലച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.