മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Tuesday, December 5, 2023 2:46 AM IST
ഒറ്റപ്പാലം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ചതിയന്റെ റോളായിരുന്നുവെന്ന് വി.ഡി. സതീശന് ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കത്തെഴുതിച്ചതും, സ്വന്തം ജില്ലക്കാരനാണെന്നു പറഞ്ഞ് ഗവര്‍ണറെക്കൊണ്ട് ചെയ്യിച്ചതുമെല്ലാം മുഖ്യമന്ത്രിയാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്നും സതീശന് ആവശ്യപ്പെട്ടു. ഇവിടെ ഒന്നാം പ്രതി മുഖ്യമന്ത്രിയായതിനാല്‍ രാജിവയ്പ്പിക്കലുണ്ടാകില്ലെന്നും സതീശന് പറഞ്ഞു.
പകല്‍ ബിജെപി വിരോധം സംസാരിക്കുകയും രാത്രിയില്‍ സംഘപരിവാറുമായി സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പിണറായി വിജയന്റെ ഉപദേശം കോണ്‍ഗ്രസിന്റെ നയപരമായ സമീപനങ്ങളില്‍ ആവശ്യമില്ല.
കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ ബിജെപി നേതാവിനെക്കാള്‍ സന്തോഷം പിണറായി വിജയനാണ്. ഇന്ത്യ മുന്നണിയെ നശിപ്പിക്കാന്‍ പിണറായി ആര്‍എസ്എസിനൊപ്പം കൂട്ടുകൂടുകയാണ്.
നവകേരള സദസുമായി ബന്ധപ്പെട്ട താന്‍ പറഞ്ഞ അശ്ലീല സദസ് പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന കേരളത്തില്‍ ധൂര്‍ത്ത് യാത്ര നടത്തുന്നതിനെ പിന്നെന്താണ് വിളക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരളത്തെ മുടിപ്പിച്ചിട്ട് എന്ത് നവകേരളമാണ് ഉണ്ടാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സതീശന് വിമര്‍ശിച്ചു.