അഭിമാനക്കാഴ്ചയായി നാവികസേനാ അഭ്യാസം
Tuesday, December 5, 2023 2:46 AM IST
കൊച്ചി: ഇന്ത്യന്‍ സേനയുടെ അഭിമാനസ്മരണകളില് കൊച്ചിയില്‍ നാവികദിനം ആഘോഷിച്ചു. രാജേന്ദ്ര മൈതാനത്തിനു സമീപം കായലില്‍ നടന്ന നാവിക സേനയുടെ അഭ്യാസപ്രകടനം വിസ്മയക്കാഴ്ചയായി.
സേനയുടെ കപ്പലുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും നടന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായി. ദക്ഷിണ നാവിക ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംബിഹോളി സംസാരിച്ചു.
മറൈന്‍ കമാന്‍ഡോകളുടെ നിരീക്ഷണ, ആക്രമണരീതികള്‍ കാണികള്‍ക്ക് കൗതുകമായി. സീ കേഡറ്റ് കോര്‍പ്സിന്റെ (എസ്സിസി) ഹോണ്‍ പൈപ്പ് നൃത്തവും സേനാംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും കാണികളില്‍ ആവേശമുണര്‍ത്തി. വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ എംഎച്ച് 60 ആര് പ്രകടനത്തില്‍ അണിനിരന്നു.
ഡോണിയര്‍, ചേതക് ഹെലികോപ്റ്ററുകളും അണിനിരന്നു. ഗണ്‍ സല്യൂട്ട്, ചേതക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയും അവതരിപ്പിച്ചു. നേവല്‍ ബാന്‍ഡിന്റെ അകമ്പടിയോടെ സേനാ കപ്പലുകള്‍ ഒരുക്കിയ ദീപക്കാഴ്ചകളോടെയാണ് പരിപാടി സമാപിച്ചത്.1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ കറാച്ചി തുറമുഖത്ത് നടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്മരണാർഥമാണ് നാവികദിനാഘോഷം സംഘടിപ്പിക്കുന്നത്.