മതേതര കക്ഷികളെ ഒന്നിച്ചു നിർത്താൻ കോണ്‍ഗ്രസിനായില്ല: മുഖ്യമന്ത്രി
Tuesday, December 5, 2023 2:46 AM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): ഒറ്റയ്ക്കു ജയിക്കാമെന്ന കോണ്‍ഗ്രസിന്റെ താൻപ്രമാണിത്തമാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ നവകേരള സദസിനു മുന്നോടിയായി കിലയിൽ നടന്ന പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണഗതിയിൽ പ്രതീക്ഷയ്ക്കു വിപരീതമായ ഫലമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി തകർന്നടിയുമെന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ കോൺഗ്രസ് ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ലെന്നു മാത്രമല്ല, മതേതരകക്ഷികളെ ഒരുമിച്ചുനിർത്താനും ശ്രമിച്ചില്ല. കോണ്‍ഗ്രസിന്റെ യോജിപ്പില്ലായ്മയാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.
യോജിച്ചു പ്രവർത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കോണ്‍ഗ്രസിനായില്ല. ഒറ്റയ്ക്ക് എല്ലാം നേടാൻ പ്രാപ്തരാണെന്ന ധാരണ കോണ്‍ഗ്രസിനുണ്ടായി. മധ്യപ്രദേശിൽ സമാജ് വാദിപാർട്ടിയെ കൂടെ നിർത്താൻ കഴിഞ്ഞില്ല. ദിഗ്വിജയ് സിംഗും കമൽനാഥും തമ്മിലുള്ള തർക്കങ്ങളിൽ കോൺഗ്രസ് ഇടപെട്ടില്ല. വിജയസാധ്യത ഉണ്ടായിരുന്ന രാജസ്ഥാനിൽ കോൺഗ്രസ് ആരെയും കൂടെ കൂട്ടിയില്ല.
അതിലൊന്നു സിപിഎമ്മാണ്. എല്ലാവരെയും കൂടെ കൂട്ടിയിരുന്നെങ്കിൽ വിജയിക്കാനാകുമായിരുന്നു എന്നാണു തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.
ഗവർണർക്കെതിരേ വീണ്ടും മുഖ്യമന്ത്രി
മുളങ്കുന്നത്തുകാവ് (തൃശൂർ): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തീകരിക്കുന്നതിനുള്ള ബില്ലിൽ ഗവർണർ ഒപ്പിടാത്തതു ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ പ്രതിപക്ഷത്തിന് യാതൊരു പരാതിയുമില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിൽ ഒന്നായ മാലിന്യ സംസ്കരണത്തിൽ ഫലപ്രദമായ ഇപെടലിനു വിപുലമായ ഭേദഗതികളാണ് നിർദേശിച്ചിട്ടുള്ളത്. അത് ഓർഡിനൻസായി ഗവർണർ മുന്‍പാകെ നൽകിയിട്ടുണ്ടെങ്കിലും ഒപ്പിടാതെ വച്ചിരിക്കുകയാണ്.
തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കേന്ദ്രം നൽകേണ്ട 500 കോടി ഫണ്ട് കുടിശികയാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണു സ്വീകരിക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
പതിന്നാല് ജില്ലാ കൗണ്‍സിലുകൾ ഒറ്റയടിക്കു പിരിച്ചുവിട്ട് അധികാരവികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തിവച്ചവരാണ് ഇതു പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തീകരിക്കുന്ന ഇടപെടലാണു സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.