ചരിത്ര കോണ്‍ഗ്രസിന് ഇന്നു തുടക്കം
Tuesday, December 5, 2023 2:46 AM IST
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് ഇന്നു കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ തുടക്കമാകും.
ഇന്നു രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കെ. രാജു ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ പി. അതിയമാൻ, സുകുമാരൻ മൂലേക്കാട് എന്നിവർ പങ്കെടുക്കും.
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കെ. മുരളീധരൻ എംപി, വി.എം. സുധീരൻ, അടൂർ പ്രകാശ് എംപി, എൻ. ശക്തൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരും പങ്കെടുക്കും.
ഉച്ചകഴിഞ്ഞു 2.30 മുതൽ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി . ‘വൈക്കം സത്യഗ്രഹവും സാമൂഹികപരിഷ്കരണവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിനു കലാപരിപാടികൾ. 6.45ന് കേരള നവോത്ഥാനം എന്ന വിഷയത്തിൽ ഓപ്പണ്‍ ഫോറം ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സെമിനാർ ഇക്കോണമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി മുൻ എഡിറ്റർ ഡോ.ഗോപാൽ ഗുരു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.
വൈക്കം സത്യഗ്രഹ സമരസേനാനികളുടെ പിൻതലമുറക്കാരുടെ കുടുംബസംഗമം ഉച്ചകഴിഞ്ഞു 2.30ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.