നവകേരള സദസിനു ഫണ്ട്: തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്നു മുഖ്യമന്ത്രി
Tuesday, December 5, 2023 2:45 AM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണു നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യോജിച്ചു നടപ്പാക്കുന്ന ഒരു പരിപാടിയിൽ പണം ചെലവഴിക്കേണ്ടിവരിക എന്നത് തദ്ദേശസ്ഥാപനത്തിന്റെ പ്രാഥമികമായ ഒരു ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഭാവികമായും സംഘാടനത്തിന്റെ ഭാഗമായിട്ടുള്ള തദ്ദേശസ്ഥാപനങ്ങൾക്കു ചെലവുവിഹിതം നൽകുന്നതിനു സർക്കാർ അനുമതി ആവശ്യമാണ്. നവകേരള സദസ് മുൻ മാതൃകകൾ ഇല്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ പഞ്ചായത്തീരാജ് നിയമത്തിലോ മുനിസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾകൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിനുവേണ്ടിയുള്ള അനുമതിയാണ് സർക്കാർ നൽകിയത്. അതിനു പരിധിയും നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
ആദ്യം പണം നൽകുന്നതിനു തീരുമാനിച്ച ഒരു നഗരസഭ, പ്രതിപക്ഷനേതാവിന്റെ പ്രേരണ മൂലമെന്നു മനസിലാക്കുന്നു, ഇതിനെതിരേ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായി. ആ ഉത്തരവ് റദ്ദാക്കാനുള്ള യാതൊരു നടപടിയും കോടതി സ്വീകരിച്ചില്ല. ഇതിനെയാണു നവകേരള സദസിനുവേണ്ടിയുള്ള പിരിവ് എന്നു പറയുന്നത്.
നിരവധി യുഡിഎഫ് എംഎൽഎമാർ വിവിധ പരിപാടികൾക്കുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുക ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പലതിനും അനുമതി നൽകിയിട്ടുമുണ്ട്.