കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ കേരളം മുന്നിൽ
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ രാജ്യത്ത് കേരളം മുന്നിലെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി). 2022ലെ റിപ്പോർട്ടനുസരിച്ച് ഐപിസി കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന്റെ നിരക്ക് കേരളത്തിൽ 96 ശതമാനമാണ്.
രണ്ടാമത് പുതുച്ചേരിയാണ് 91.3 ശതമാനം. പ്രത്യേക നിയമവും പ്രാദേശിക നിയമവുമനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലും കേരളം മുന്നിലാണ്.
വാറണ്ടോ മുൻകൂർ കോടതി നോട്ടീസോ ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന എഎപിസി കുറ്റകൃത്യങ്ങൾ കേരളത്തിൽ 2022ൽ 2,35,858 ആയിരുന്നു. ലക്ഷത്തിന് 661 എന്നതാണ് നിരക്ക്. ഇതിൽ 1,63,100 കേസുകളും അപകടകരമായതോ അലക്ഷ്യമായതോ ആയ ഡ്രൈവിംഗ് സംബന്ധിച്ചാണ്. ലക്ഷത്തിന് 457.1 എന്നതാണ് നിരക്ക്. ഇതും രാജ്യത്ത് ഏറ്റവും കൂടുതലാണ്. പൊതുസമാധാനത്തിനു ഭംഗം വരുത്തിയതിന് എടുത്തിരിക്കുന്ന കേസുകളുടെ നിരക്ക് 17.3 ആണ്. മയക്കുമരുന്ന് സംബന്ധിച്ച് നിയമപ്രകാരമുള്ള കേസുകൾ 2022ൽ 26,619 എണ്ണമാണ്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെയും പോക്സോ കേസുകളുടെയും നിരക്കിൽ കേരളം രണ്ടാം സ്ഥാനത്താണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ലക്ഷത്തിന് 26.6 ആണ് കേരളത്തിന്റെ ക്രൈം റേറ്റ്. സ്ത്രീകൾക്കെതിരായ 4,940 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. പോക്സോ കേസിൽ ലക്ഷത്തിന് 35.4 ആണ് നിരക്ക്. 3,334 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.