സർക്കാരിനെതിരേ സമരവുമായി ഭരണപക്ഷ യൂണിയൻ
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം: സപ്ലൈകോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ സംഘടനയായ സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എഐടിയുസി) സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു അധ്യക്ഷത വഹിച്ചു. പ്രഖ്യാപിത നയങ്ങളിൽനിന്നു സർക്കാർ വ്യതിചലിക്കരുതെന്ന് കെ.പി. രാജേന്ദ്രൻ പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണം. ജനങ്ങളുടെ സ്ഥാപനമായ സപ്ലൈകോയെ സംരക്ഷിച്ചു ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്.
2019 മുതലുള്ള ശന്പളപരിഷ്കരണം നടപ്പിലാക്കണമെന്നും 18 ശതമാനം ഡിഎ കുടിശിക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 ഇനം സാധനങ്ങൾ വിലകൂട്ടാതെ നൽകുന്നത് ജനങ്ങളെ സഹായിക്കാനാണ്. ഇതവസാനിപ്പിക്കുന്നത് കോർപറേറ്റ് കന്പനികൾക്കു സഹായം ചെയ്യുന്നതിനു തുല്യമാകും.
അതുകൊണ്ടുതന്നെ 13 ഇനം സാധനങ്ങൾ സർക്കാർ ഇടപെട്ടു വിപണിയിൽ എത്തിക്കണം. സപ്ലൈകോയെ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യം കൂടിയാണെന്നും അല്ലാത്തപക്ഷം സമരത്തിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.