ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും
Tuesday, December 5, 2023 2:45 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് വാദം പരിശോധിക്കാമെന്ന് വ്യക്തമാക്കി ജസ്റ്റീസ് പി. ഗോപിനാഥ് ദിലീപിന്റെ വാദം കേള്‍ക്കാനായി ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നതായി ഹർജിയില്‍ പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ വ്യവസ്ഥാ ലംഘനം നടന്നിട്ടുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹർജി തള്ളിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.