കേരള സ്കൂള്‍ ശാസ്ത്രോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്
Monday, December 4, 2023 1:59 AM IST
തിരുവനന്തപുരം: നാലുനാള്‍ നീണ്ടു നിന്ന കേരള സ്കൂള്‍ ശാസ്ത്രോത്സവം തിരുവനന്തപുരത്തു സമാപിച്ചപ്പോള്‍ മലപ്പുറം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു.
1442 പോയിന്റു നേടിയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയത്. 26 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 13 രണ്ടാം സ്ഥാനവും 15 മൂന്നാം സ്ഥാനവും 245 എഗ്രേഡ്, 11 ബിഗ്രേഡുകളും നേടിയാണ് മലപ്പുറം ഒന്നാമതെത്തിയത്. ഒന്നാം ദിനം നേടിയ ആധിപത്യം അവസാനം വരെ മലപ്പുറം നിലനിര്‍ത്തി.
1350 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ആണ് കേരള സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ര ണ്ടാം സ്ഥാനത്ത്. 1333 പോയിന്റു നേടിയ കണ്ണൂരും 1332 പോയിന്റുമായി കോഴിക്കോടുമാണ് മൂന്നും നാലും സ്ഥാനത്ത്. ഗണിതം, സോഷ്യല്‍ സയന്‍സ്, പ്രവൃത്തി പരിചയമേള, ഐടി എന്നിവയില്‍ മലപ്പുറം ആധിപത്യം പുലര്‍ത്തി. എന്നാല്‍ ശാസ്ത്രമേളയില്‍ 11ാം സ്ഥാനത്താണ് മലപ്പുറം. അതില്‍ തൃശൂര്‍ ഒന്നാമതും പാലക്കാട് രണ്ടാമതുമാണ്.
സ്കൂളുകളില്‍ 142 പോയിന്റുമായി കാസര്‍കോട് ദുര്‍ഗ എച്ച്എസ്എസ മികച്ച സ്കൂളായി. 138 പോയിന്റുനേടിയ ഇടുക്കി കൂമ്പന്‍പ്പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 134 പോയിന്റുമായി തൃശൂര്‍ പാണങ്ങാട് എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.
സയന്‍സില്‍ മലപ്പുറം മഞ്ചേരി ജിബിഎച്ച്എസ്എസ് ആണ് മികച്ച സ്കൂള്‍. ഗണിതത്തില്‍ പാലക്കാട് വാണിയംകുളം ടിആര്കഐച്ച്എസ്എസ്, സാമൂഹ്യ ശാസ്ത്രത്തില്‍ കാസര്‍കോട് ചെമ്മനാട് സിജൈഎച്ച്എസ്എസ്, പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്, ഐടിയില്‍ ഇടുക്കി കട്ടപ്പന എസ്ജിഎച്ച്എസ്എസ് എന്നീ സ്കൂളുകള്‍ മികച്ച സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു.
അടുത്തവര്‍ഷം മുതല്‍ സ്വര്‍ണക്കപ്പ്: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ജില്ലയ്ക്ക് അടുത്ത വര്‍ഷം മുതല്‍ സ്വര്‍ണക്കപ്പ് നല്‍കുന്നത് ആലോചനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
സ്കൂള്‍ കലോത്സവ മാതൃകയിലാണ് ശാസ്ത്രമേളയ്ക്കും സ്വര്‍ണക്കപ്പ് നല്‍കുന്നത് പരിഗണിക്കുന്നതെന്ന് ശാസ്ത്രോത്സവ സമാപന സമ്മേളനത്തില്‍ നല്കിയ വീഡിയോ സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ പാഠപുസ്കത്തിനപ്പുറം കല, കായികം, ശാസ്ത്രം ഉള്‍പ്പെടെ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാകണം. അവസരം കിട്ടാത്തതാണ് കഴിവുകള്‍ പ്രകടമാക്കുന്നതിനു തടസമാവുന്നത്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ വിഭാഗത്തിൽ ടിആര്‍കെ എച്ച്എസ്എസ്
തിരുവനന്തപുരം: കേരള സ്കൂള്‍ ശാസ്ത്രോത്സവം ഗണിത ശാസ്ത്രമേളയില്‍ ബെസ്റ്റ് സ്കൂള്‍ ഒന്നാം സ്ഥാനം വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ് കരസ്ഥമാക്കി.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഹൈസ്കൂള്‍ വിഭാഗം ബെസ്റ്റ് സ്കൂള്‍ പദവി ടിആര്‍കെ എച്ച്എസ്എസ് നേടിയെടുക്കുന്നത്.
ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ ഇനത്തില്‍ ഒന്നാം സ്ഥാനവും പ്യുവര്‍ കണ്‍സ്ട്രക്ഷന്‍, ഗ്രൂപ്പ് പ്രോജക്ട് എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍ ഇനത്തില്‍ മൂന്നാം സ്ഥാനവും ഉള്‍പ്പെടെ ഹെസ്കൂള് വിഭാഗത്തില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും എ ഗ്രേഡുകളോടെ ആകെ 47 പോയിന്റാണ് ടിആര്‍കെ എച്ച്എസ്എസ് നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് ഇനങ്ങളില്‍ എ ഗ്രേഡോടെ ആകെ 62 പോയിന്റുകളും നേടി.